LATEST

6/recent/ticker-posts

കേരളത്തില്‍ വി.ഡി സതീശൻ അനുകൂല വികാരം;ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി ഏജന്‍സികള്‍




തിരുവനന്തപുരം: കേരളത്തില്‍ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

വെറും എംഎല്‍എമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക കാര്യങ്ങളിലോ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു 'ഷാഡോ ഏജൻസി'യെ ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. താഴെത്തട്ടില്‍ നടത്തിയ സർവേകള്‍ സതീശന്റെ ജനപ്രീതി മികച്ചതാണെന്ന് അടിവരയിടുന്നു.

റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ മലബാർ മേഖലയില്‍ സതീശന് ലഭിക്കുന്ന പിന്തുണയാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വി.ഡി സതീശൻ അനുകൂല വികാരം ശക്തമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും പൊതുപരിപാടികളിലും സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാൻ എത്തുന്ന എംഎല്‍എമാരോട്, സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു.

എംഎല്‍എമാരുടെ എണ്ണത്തില്‍ ഒരുപക്ഷേ പിന്നിലാണെങ്കില്‍ പോലും, ജനപിന്തുണയുടെ കാര്യത്തില്‍ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന സൂചനയാണ് ഏജൻസി ഹൈക്കമാൻഡിന് നല്‍കിയിരിക്കുന്നത്. എംഎല്‍എമാർക്കിടയിലെ ഗ്രൂപ്പ് സമവാക്യങ്ങളേക്കാള്‍ ഉപരിയായി കേരളത്തിലെ വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഭാവി തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സതീശനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും ഇതിലുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും വലിയ സമ്മർദ്ദത്തിലാണ് നിലവില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലങ്ങളില്‍ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികള്‍ പോലും സംഘടിപ്പിക്കാനാവാത്ത അവസ്ഥയിലാണ് പല ജില്ലകളിലെയും നേതാക്കള്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം ഇത്തരം പരിപാടികള്‍ നടത്തിയാല്‍ മതിയെന്നാണ് കോഴിക്കോട്ടെ അടക്കം പല എംഎല്‍എമാരും വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അറിയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാർ ആർക്കാണ് പിന്തുണ നല്‍കിയത് എന്ന വിവരം പുറത്തുവന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എമാർക്ക് സ്വന്തം മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പൊതുപരിപാടികളിലും മറ്റും എത്തുന്ന എംഎല്‍എമാരോട് സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്നു.

കെ.എം. അഭിജിത്ത് അടക്കമുള്ള എംഎല്‍എമാർക്ക് ഇത്തരം വാർത്തകളുടെ പേരില്‍ സ്വന്തം മണ്ഡലങ്ങളില്‍ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കെ.സി. വേണുഗോപാലിന് പിന്തുണ നല്‍കി എന്ന പേരില്‍ ഒരു ദേശീയ പത്രത്തില്‍ വന്ന ചിത്രത്തെത്തുടർന്ന് നാദാപുരത്ത് ഉള്‍പ്പെടെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. വാട്സ്‌ആപ്പിലൂടെയും ഫോണ്‍ വിളികളിലൂടെയും പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വരും ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികള്‍ അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന് കരുതപ്പെടുന്ന എംഎല്‍എമാർക്കെതിരെ ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും രൂക്ഷമായ പ്രതിഷേധ കുറിപ്പുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Post a Comment

0 Comments