LATEST

6/recent/ticker-posts

മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട'; നിലപാട് കടുപ്പിച്ച്‌ വി.ഡി സതീശൻ




തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച്‌ വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശൻ.അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി.

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടന ദൗർബല്യമാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻ സിക്ക് മനസിലാകുന്ന രീതിയില്‍ പാർട്ടികള്‍ സംസാരിക്കണമെന്നും സതീശൻ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍റെ അഭിപ്രായം. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് ചോദ്യം സാങ്കല്‍പികമെന്നാണ് മറുപടി നല്‍കിയത്.

പാർട്ടിയില്‍ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ടെന്നാണ് കെ. സുധാകരൻ പറഞ്ഞത്. കേരള രാഷ്ട്രീയത്തെക്കുറിച്ച്‌ അവരോട് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക പേര് പറഞ്ഞിട്ടില്ല, പകരം ഒരു ഫോർമുല മുന്നോട്ടു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഇരിട്ടിയില്‍ പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കണമെന്നാണ് പ്രചരണം. പേരാവൂർ കോണ്‍ഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കില്‍ വീട്‌ കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. സതീശന് വേണ്ടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനെതിരെ ബാനര്‍ ഉയര്‍ന്നു. ആലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നാണ് ബാനറിലുള്ളത്. കോണ്‍ഗ്രസ് സഹയാത്രികർ എന്ന പേരില്‍ ആണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കെ.സിയെ എംപി യാക്കിയത് മുഖ്യമന്ത്രിയാകാനല്ല. അതിമോഹം ആപത്താണ്. എ.ഡി തോമസിനെ ജയിപ്പിച്ചത് രാജിവെക്കാനല്ലെന്നും ഫ്ലക്സ് ബോർഡിലുണ്ട്.

Post a Comment

0 Comments