കൊടുവളളി: ബ്രേക്കിങ് ന്യൂസുകളുടെ കാലത്ത് വാർത്തകളിൽ സത്യസന്ധതയും മൂല്യബോധവും വളർക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വേഗത്തിൽ വാർത്തകൾ പുറത്തുവിടാനുള്ള മത്സരത്തിനിടയിൽ വസ്തുതകൾ പരിശോധിക്കാനും വാർത്തകളുടെ യാഥാർഥ്യം ഉറപ്പു വരുത്താനും മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണം. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ് വാർത്താ മാധ്യമങ്ങൾ. അതിനാൽ ഉത്തരവാദിത്വ ബോധത്തോടെയും മൂല്യാധിഷ്ഠിതമായ നിലപാടുകളോടെയും പ്രവർത്തിക്കേണ്ടത് മാധ്യമ പ്രവർത്തകരുടെ കടമയാണെന്നും ടി.സിദ്ദിഖ് പറഞ്ഞു.
ചടങ്ങിൽ പി.കെ.ഫിറോസ് എം.എൽ.എ. അധ്യക്ഷനായി. സോഷ്യൽ മീഡിയ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ മീഡിയ വൺ ന്യൂസ് എഡിറ്റർ പി.സി.സൈഫുദീനും, മാറുന്ന മാധ്യമ ലോകം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ മാധ്യമം ചീഫ് റിപ്പോർട്ടർ പി.ഷംസുദ്ദിനും വിഷയാവതരണം നടത്തി. ഫോട്ടോഗ്രാഫി രംഗത്തെ മികച്ച സേവനങ്ങൾക്ക് പ്രദീപ് ഫോട്ടിമ, സുഭാഷ് കൊടുവള്ളി, യു.ജി.സി.നെറ്റ് നേടിയ നാഫിഹ് അഷ്റഫ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. മന്ത്രി ടി.സിദ്ദിഖിനുള്ള പ്രസ് ക്ലബ്ബിന്റെ ഉപഹാരം പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വാവാട് സമ്മാനിച്ചു. നഗരസഭ ചെയർ പേഴ്സൺ സഫീന ഷമീർ, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ. കാദർ, മുൻ എം.എൽ.എ. പി.ടി.എ.റഹീം, കെ.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദലി, കോതൂർ മുഹമ്മദ്, ടി.കെ.മുഹമ്മദ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ സന ഫാത്തിമ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ.കെ.എ.ജബ്ബാർ സ്വാഗതവും ഒ.കെ. ഷംസീർ ഷാൻ നന്ദിയും പറഞ്ഞു.



0 Comments