അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സാമ്പത്തിക ബാധ്യതയാകുന്നതായി എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ. മുട്ട, പാൽ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം എന്നിവയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പദ്ധതിക്കായി സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്നാണ് ആവശ്യം. നിലവിലെ വിഹിതം ഉപയോഗിച്ച് കുട്ടികൾക്ക് ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കുന്നത് പ്രയാസകരമാണെന്ന് പ്രധാനാധ്യാപകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ലോവർ പ്രൈമറി വിഭാഗത്തിലെ (ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ) ഒരു വിദ്യാർഥിക്ക് 6.78 രൂപയും അപ്പർ പ്രൈമറി വിഭാഗത്തിലെ (അഞ്ച് മുതൽ എട്ട് വരെ ക്ലാസുകൾ) ഒരു വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.സി അബ്ദുല്ലക്കുട്ടിയും ജനറൽ സെക്രട്ടറി എം.ഐ അജികുമാറുമാണ് ഇക്കാര്യം അറിയിച്ചത്. സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ഓരോ ആഴ്ചയും വിദ്യാർഥികൾക്ക് ഒരു മുട്ടയും രണ്ട് ദിവസങ്ങളിൽ 150 മില്ലിലിറ്റർ പാലും നൽകണം. ഇതിന് പുറമേ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പാചകവാതകം തുടങ്ങിയവയും വാങ്ങേണ്ടതുണ്ട്. ഇവയുടെ വില വർധിച്ചതോടെ അനുവദിച്ച തുകയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രധാനാധ്യാപകർ പറയുന്നു. പദ്ധതിയുടെ നടത്തിപ്പ് തടസപ്പെടാതിരിക്കാൻ പല സ്കൂളുകളും രക്ഷാകർതൃ അധ്യാപക സമിതികളുടെ (പി.ടി.എ) സാമ്പത്തിക സഹായത്തെയും സ്പോൺസർഷിപ്പുകളെയുമാണ് ആശ്രയിക്കുന്നത്. ഇതോടെ സ്കൂൾ അധികൃതർക്കും പി.ടി.എകൾക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നു. വിലക്കയറ്റം പരിഗണിച്ച് വിദ്യാർഥികൾക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരവും പോഷകമൂല്യവും ഉറപ്പാക്കാൻ സർക്കാർ വിഹിതം അടിയന്തരമായി വർധിപ്പിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.



0 Comments