കോഴിക്കോട്: നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ ട്രാഫിക് സിഗ്നൽ ടൈമിങ് ക്രമീകരണത്തിലെ അപാകത കാരണം വാഹനയാത്രക്കാർ വലിയ അപകടഭീഷണി നേരിടുന്നു. തൊണ്ടയാട് ജങ്ഷന് പുറമെ പുതിയ ബസ് സ്റ്റാൻഡ് ജങ്ഷൻ, പുതിയറ ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നലുകളിലും ഇത്തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന പ്രശ്നം:
തൊണ്ടയാട് ജങ്ഷനിൽ: മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഗ്രീൻ സിഗ്നൽ നൽകുന്ന സമയത്തിൽ, അവസാനത്തെ 15 സെക്കൻഡിൽ വലതുവശത്തേക്ക് (മലാപ്പറമ്പ് / കണ്ണൂർ ഭാഗത്തേക്ക്) തിരിയാനുള്ള ഗ്രീൻ ലൈറ്റ് ഓഫാകുന്നു.
എന്നാൽ ഈ സമയത്ത് വാഹനങ്ങൾ തിരിയരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന റെഡ് സിഗ്നൽ തെളിയുന്നില്ല.
കൃത്യമായി റെഡ് ലൈറ്റ് തെളിയാത്തതിനാൽ സിഗ്നൽ സമയം അവസാനിച്ചത് അറിയാതെ പല ഡ്രൈവർമാരും വലത്തേക്ക് വാഹനം എടുക്കുന്നു.
അതേസമയം തന്നെ എതിർദിശയിൽ (കോഴിക്കോട് ടൗണിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക്) വരുന്ന വാഹനങ്ങൾക്ക് ഗ്രീൻ സിഗ്നൽ ഓണാകുകയും ചെയ്യുന്നു.
ഇത് വലത്തോട്ട് തിരിയുന്ന വാഹനങ്ങളും എതിർദിശയിൽ നിന്ന് നേരെ വരുന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് വലിയ അപകടങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നുണ്ട്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൊണ്ടയാട്, പുതിയറ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ ജങ്ഷനുകളിൽ ഗ്രീൻ ലൈറ്റ് അണഞ്ഞാൽ ഉടൻ തന്നെ വാഹനം മുന്നോട്ട് എടുക്കാതെ നിർത്താൻ ശ്രദ്ധിക്കുക. റെഡ് ലൈറ്റ് ലൈറ്റ് പ്രത്യേകം തെളിഞ്ഞില്ലെങ്കിലും ടേണിങ് സിഗ്നൽ ഓഫായാൽ മുന്നോട്ട് പോകുന്നത് അപകടമാണ്.
അധികൃതരുടെ ശ്രദ്ധയ്ക്ക്: ഇത് സിഗ്നലുകളുടെ യന്ത്രത്തകരാറല്ല, മറിച്ച് ട്രാഫിക് സിഗ്നൽ സമയക്രമീകരണത്തിൽ (Signal Timing & Phasing) വന്നിട്ടുള്ള അപാകതയാണ്. വലത്തോട്ട് തിരിയാൻ പാടില്ലാത്ത അവസാന സെക്കൻഡുകളിൽ വ്യക്തമായ റെഡ് ലൈറ്റ് പ്രകാശിക്കുന്ന രീതിയിൽ സിഗ്നലുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.



0 Comments