എളേറ്റിൽ: സംസ്ഥാന കൃഷി വകുപ്പ് കർഷകദിനത്തോടനുബന്ധിച്ച് നൽകുന്ന മികച്ച കാർഷിക ഉൽപ്പന്ന വിപണന ബ്രാൻഡ് ആയ 'കേരളഗ്രോ' അംഗീകാരം പൂക്കോട് ഫുഡ്സിന്റെ ഹരിത കോക്കനട്ട് ഓയിലിന് ലഭിച്ചു. ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതിൽ കാണിച്ച മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് വിഭാഗം ഈ പദവി നൽകിയത്.
'കേരളഗ്രോ' അംഗീകാരം നേടിയ പൂക്കോട് ഫുഡ്‌സിനെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തിയ അവാർഡ് വിതരണ പരിപാടിയിൽ ആദരിച്ചു. കൊടുവള്ളി എം. എൽ.എ. പി. കെ. ഫിറോസ് പൂക്കോട് ഫുഡ്സ് ഉടമ റഷീദ് പൂക്കോടിന് ഉപഹാരം നൽകി. ചടങ്ങിൽ തിരുവമ്പാടി എം. എൽ. എ. സി. കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, വൈസ് പ്രസിഡന്റ് എൻ. സി. ഉസയിൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന മികച്ച നാളികേരം ഉപയോഗിച്ച് തികച്ചും സ്വാഭാവികവും മായമില്ലാത്തതുമായ രീതിയിലാണ് ഹരിത കോക്കനട്ട് ഓയിൽ തയാറാക്കുന്നത്. പരമ്പരാഗത തനിമ ചോർന്നുപോകാതെ, ആധുനിക ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നതെന്ന് പൂക്കോട് ഫുഡ്സ് മാനേജ്മെന്റ് വ്യക്തമാക്കി. ഈ അംഗീകാരം പ്രാദേശിക കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും കർഷക കൂട്ടായ്മകളിൽ നിന്ന് നേരിട്ടുള്ള സംഭരണം വർദ്ധിപ്പിക്കാനും പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.



0 Comments