LATEST

6/recent/ticker-posts

കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിഗ്നൽ സംവിധാനം; ടൗണിൽ ബാരിക്കേഡ് ഡിവൈഡറുകളും സജ്ജം





​കോഴിക്കോട്–കൊല്ലെഗൽ ദേശീയപാത 766-ൽ സ്ഥിരമായി അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാതടസ്സങ്ങൾക്ക് പരിഹാരം കാണാൻ കൊടുവള്ളി ടൗണിൽ സമഗ്രമായ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിന് മുൻപിലെ പ്രധാന ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങൾ നിർത്തിയിടേണ്ട സ്റ്റോപ്പ് ലൈനുകളും മറ്റ് റോഡ് മാർക്കിംഗുകളും പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ തന്നെ സിഗ്നലുകൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷൻ കെ.കെ.എ. ഖാദർ അറിയിച്ചു.

​സിഗ്നൽ സംവിധാനം നിലവിൽ വരുന്നതോടെ കോഴിക്കോട്, വയനാട്, നരിക്കുനി ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം കൃത്യമായ ഇടവേളകളിൽ സിഗ്നലുകൾ അടിസ്ഥാനമാക്കിയാകും കടത്തിവിടുക. ബസ് സ്റ്റാൻഡിലെ പഴയ നഗരസഭാ കെട്ടിടം പൊളിച്ച് പുതിയ സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബസുകളുടെ പ്രവേശനത്തിലും പാർക്കിംഗിലും നിലവിൽ വരുത്തിയിട്ടുള്ള പുനഃക്രമീകരണങ്ങൾക്ക് ഒപ്പം സിഗ്നലുകൾ കൂടി വരുന്നതോടെ ജംഗ്ഷനിലെ ബ്ലോക്കിന് വലിയ ആശ്വാസമാകും.

ഇതിനുപുറമെ, ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡിന് നടുവിലായി ബാരിക്കേഡുകൾ സ്ഥാപിച്ച് താൽക്കാലിക ഡിവൈഡറുകൾ ഒരുക്കിയിട്ടുണ്ട്. ഇതോടെ അലക്ഷ്യമായുള്ള യു-ടേണുകൾ, അപകടകരമായ ഓവർടേക്കിംഗ്, തിരക്കിനിടയിലൂടെയുള്ള ക്രമരഹിതമായ വാഹനം വെട്ടിക്കൽ എന്നിവ പൂർണ്ണമായും തടയാനായി. റോഡ് രണ്ടായി വേർതിരിച്ചതോടെ എതിർദിശയിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ടൗണിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാക്കാനും പുതിയ മാറ്റങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

Post a Comment

0 Comments