കോഴിക്കോട്: വെെദ്യുതി മുടക്കം തോന്നുംപടിയായതോടെ ഇരുട്ടത്ത് വലഞ്ഞ് ജനം. ഓരോ സ്ഥലത്തും ഓരോ സമയങ്ങളിലാണ് അര മണിക്കൂർ വീതം വെെദ്യുതി മുടങ്ങുന്നത്. ഒരേ പ്രദേശത്തു തന്നെ ഒന്നിലധികം തവണ വെെദ്യുതി തടസപ്പെടുന്നതായും ആക്ഷേപമുണ്ട്.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള ആശുപത്രികളുടെ പ്രവർത്തനത്തെ പവർകട്ട് സാരമായി ബാധിച്ചിരിക്കുകയാണ്. മഴ മാറി ചൂടുകൂടിയതോടെ രാത്രിയിലെ വെെദ്യുതി മുടക്കം ഉറക്കം കെടുത്തുന്ന സ്ഥിതിയിലാക്കി. കുട്ടികളുള്ള വീട്ടുകാർക്കാണ് വലിയ തിരിച്ചടിയായത്. തങ്ങളും ബുദ്ധിമുട്ടിലാണെന്ന് വ്യാപാരികളും പറയുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഭക്ഷ്യ വസ്തുക്കൾ കേടുവരുന്നതിനാൽ അവ ഉപേക്ഷിക്കേണ്ടി വരുന്നു. എ.സിയും ഫാനും പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഉഷ്ണം സഹിക്കാനാവാത്ത സ്ഥിതിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെയും വെെദ്യുതി മുടക്കം സാരമായി ബാധിച്ചു. വിവിധ പരിശോധന ലാബുകൾ പ്രവർത്തന രഹിതമാവുന്ന സ്ഥിതിയാണ്. ഇൻവെർട്ടർ, യു.പി.എസ്, ജനറേറ്റർ സൗകര്യമുള്ള സ്ഥലങ്ങളിൽ വെെദ്യുതി മുടക്കം കൂടുതൽ ബാധിച്ചിട്ടില്ല. എങ്കിലും ചിലയിടങ്ങളിൽ ജനറേറ്റർ തകരാറിലാവുമ്പോൾ പ്രശ്നമുണ്ടാകുന്നുണ്ട്.
ഈ മാസം മുഴുവനും വെെദ്യുതി മുടക്കമുണ്ടാകുമെന്നാണ് വിവരം. വെെകിട്ട് ആറ് മുതൽ വെെദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിക്കുന്നു. പീക്ക് സമയത്ത് സംസ്ഥാനത്ത് 800-900 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനാണ് ഉപയോഗം പരമാവധി കുറയ്ക്കാൻ നിർദ്ദേശിക്കുന്നത്.



0 Comments