LATEST

6/recent/ticker-posts

ഹജ്ജ്: കരിപ്പൂരിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അവസരം വേണമെന്ന് ആവശ്യം





കരിപ്പൂർ:അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർത്ഥാടന നടപടി ക്രമങ്ങൾ പുരോഗമിക്കവേ, അപേക്ഷ നൽകിയ ഹാജിമാർക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റുന്നതിനായി പ്രത്യേക അവസരം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് പകരം മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുത്ത തീർത്ഥാടകരാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. ഇതിനാൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഭൂരിഭാഗം തീർത്ഥാടകരും നെടുമ്പാശ്ശേരി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളാണ് അപേക്ഷയിൽ തിരഞ്ഞെടുത്തിരുന്നത്.

എന്നാൽ ഇത്തവണ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കുകൾ താരതമ്യേന ഒരേ നിരക്കിലേക്ക് ഏകീകരിക്കപ്പെട്ടിട്ടുണ്ട്. നിരക്കിൽ കാര്യമായ വ്യത്യാസമില്ലാത്തതിനാൽ വീടിനടുത്തുള്ള കരിപ്പൂർ വിമാനത്താവളം വഴി യാത്ര തിരിക്കാൻ പ്രായമേറിയ തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ നിലവിലുള്ള സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ കാരണം എംബാർക്കേഷൻ പോയിന്റ് തിരുത്താൻ ഇവർക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വ്യോമയാന മന്ത്രാലയവും ഇടപെട്ട് അപേക്ഷകർക്ക് എംബാർക്കേഷൻ മാറ്റിനൽകാൻ പോർട്ടലിൽ സൗകര്യമൊരുക്കണമെന്നാണ് വിവിധ സംഘടനകളും ഹജ്ജ് അപേക്ഷകരും ആവശ്യപ്പെടുന്നത്.


Post a Comment

0 Comments