കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കിത്തുടങ്ങി. നേരത്തേ നിരോധനമുണ്ടെങ്കിലും ഇപ്പോഴാണത് കർശനമാക്കുന്നത്. നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു. ആളുകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ആറുവരിപ്പാതയിലേക്ക് ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി ബൈപ്പാസ് തുറന്നപ്പോൾ തന്നെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആരും ഇത് പാലിക്കാറില്ല. ഓവർടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെ വരെ ഇരുചക്ര വാഹനങ്ങൾ പോവുന്നുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുമെന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശനമാക്കാൻ തീരുമാനിച്ചത്.
നിരോധനം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാവും. ഇതോടൊപ്പം തന്നെ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചു. പാർക്കു ചെയ്യുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ ദേശീയപാതാ അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് നീക്കും. വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ. നിലവിൽ ആറുവരിപ്പാതയിലും സർവീസ് റോഡിലും പാർക്കു ചെയ്യാറുണ്ട്.
തൊണ്ടയാട്, കുടിൽത്തോട്, പുറക്കാട്ടിരി പാലത്തിന് സമീപം പാലോറമല എന്നിവിടങ്ങളെല്ലാം ടാങ്കർ ലോറികളുൾപ്പെടെ സ്ഥിരം പാർക്കിങ്ങ് കേന്ദ്രങ്ങളാണ്.



0 Comments