LATEST

6/recent/ticker-posts

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; അധികമായി ഈടാക്കിയ ഫീസ് തിരികെ നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദേശം





തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നല്‍കാന്‍ സംസ്ഥാനത്തോട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിര്‍ദേശിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനാണ് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലര വര്‍ഷം ദൈര്‍ഘ്യമുള്ള എംബിബിഎസ് കോഴ്‌സിന് അഞ്ചു വര്‍ഷത്തേക്കുള്ള ഫീസ് ഈടാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് എന്‍എംസിയുടെ ഇടപെടല്‍. കോഴ്‌സിന്റെ യഥാര്‍ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന നിലപാട് നേരത്തേ തന്നെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികമായി വാങ്ങിയ തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലായി പഠിക്കുന്ന ഏകദേശം 3,000 വിദ്യാര്‍ഥികളില്‍ നിന്നാണ് അധിക ഫീസ് ഈടാക്കിയതെന്നാണ് വിവരം. ഒരോ വിദ്യാര്‍ഥിയില്‍ നിന്നും ഏകദേശം 3.5 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെ അധികമായി വാങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്‍എംസിയുടെ പുതിയ നിര്‍ദേശം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമായിരിക്കുകയാണ്. വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന ഫീസ് സംബന്ധമായ പരാതികള്‍ക്കിടെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഈ നടപടി വന്നിരിക്കുന്നത്.

അധികമായി ഈടാക്കിയ തുക എത്രയും വേഗം തിരിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഫീസ് ക്രമീകരണങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ഈ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments