വാഷിങ്ടൺ:ഇറാനുമായുള്ള സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പുവെച്ചാൽ ഉടൻ ഹോർമുസ് എല്ലാവർക്കുമായി തുറക്കുമെന്നും അത് നടന്നില്ലെങ്കിൽ മറ്റു വഴികൾ മുന്നിലുണ്ടെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാന്‍റെ ആണവ അവശിഷ്ടം നശിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു.
എന്നാൽ കരാർ ഇന്ന് ഒപ്പിടാൻ സാധ്യതയില്ലെന്നും അടുത്ത ദിവസം അതുണ്ടായേക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. യുദ്ധാറുതിയും ഹോർമുസ് തുറക്കലും നാവിക ഉപരോധം പിൻവലിക്കലുമാണ് ഇടക്കാല ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളെന്ന് റിപ്പോർട്ട്. ഏറ്റവും ശക്തമായ ധാരണാപത്രമാണ് ഇറാനുമായി രൂപപ്പെടുത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേർന്ന് ലെബനൻ കരയുദ്ധം നിർത്തിവെക്കുമെന്ന് റിപ്പോർട്ട്. അതേസമയം കൊല്ലപ്പെട്ട പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഈയുടെ വിലാപയാത്രയും സംസ്കാരവും ജൂലൈ 4 മുതൽ 9 വരെ നടക്കും.
ഇറാൻ-അമേരിക്ക ധാരണാപത്രത്തിൽ 24 മണിക്കൂറിനകം ഇലക്ട്രോണിക് സംവിധാനം വഴി ഒപ്പുവെക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്നലെ അറിിച്ചിരുന്നു. സാങ്കേതിക സംഭാഷണങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്നും ഇരുരാജ്യങ്ങളുടേയും ഭരണാധികാരികൾ കരാറിനരികിലെത്തിയതായും പാക് പ്രധാനമന്ത്രി അറിയിച്ചു.
'ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാന കരാറിൽ ഇതാദ്യമായാണ് ഞങ്ങൾ ഇത്രത്തോളം അടുത്തെത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചേക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് സംവിധാനം വഴി ഒപ്പുവെക്കാൻ പാകിസ്താൻ വഴിയുണ്ടാക്കും. അധികം വൈകാതെ സാങ്കേതിക സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കും.' ഷെരീഫ് എക്സിൽ കുറിച്ചു.



0 Comments