ഓമശ്ശേരി: സൈക്കിൾ വാങ്ങുന്നതിനായി സ്വരൂപിച്ച തന്റെ കുഞ്ഞു സമ്പാദ്യം എസ്എംഎ (SMA) ബാധിതരായ കുരുന്നുകളുടെ ചികിത്സാ ധനശേഖരണത്തിലേക്ക് കൈമാറി മൂന്നാം ക്ലാസുകാരി മാതൃകയായി. വെളിമണ്ണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഹൈസയാണ് കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും വലിയ പാഠമായത്.
ഭോപ്പാലിൽ നടന്ന നീന്തൽ മത്സരത്തിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയ ആസിം വെളിമണ്ണയ്ക്ക് സ്കൂളിൽ നൽകിയ ആദരിക്കൽ ചടങ്ങിലായിരുന്നു ഹൃദയസ്പർശിയായ സംഭവം. ചടങ്ങിൽ വെച്ച് ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് ഫാത്തിമ തന്റെ സമ്പാദ്യം കൈമാറി. എം.കെ. രാഘവൻ എം.പിയുടെ സാന്നിധ്യത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുക ഏറ്റുവാങ്ങി.
ചെറിയ കൈകളിൽനിന്ന് വലിയ പ്രതീക്ഷകളിലേക്ക് പകരുന്ന ഈ സ്നേഹസഹായം മൂന്ന് കുഞ്ഞുങ്ങളുടെയും ചികിത്സാ യാത്രയിൽ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സംഘാടകരും.



0 Comments