⭕ ഡ്രിഫ്റ്റിങ്ങും റാലികളും വേണ്ട
⭕ വേഗപരിധി 15 കിലോമീറ്റർ
കോഴിക്കോട്:കോളജ് ക്യാംപസുകളിലെ ഓണാഘോഷങ്ങൾക്കിടെ വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ കർശന സുരക്ഷാ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ആഘോഷങ്ങളുടെ പേരിൽ ക്യാംപസുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങളോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർഗനിർദേശങ്ങൾ കൈമാറിയതായും അധികൃതർ അറിയിച്ചു.
*പ്രധാന മാർഗനിർദേശങ്ങൾ:*
പ്രവേശന നിയന്ത്രണം: രൂപമാറ്റം വരുത്തിയതും (Modified) സൈലൻസറുകളിൽ മാറ്റം വരുത്തിയതുമായ വാഹനങ്ങൾ, വലിയ സ്പീക്കറുകൾ ഘടിപ്പിച്ചവ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് ക്യാംപസിനുള്ളിലേക്ക് പ്രവേശനമില്ല.
*പാർക്കിങ് ഗേറ്റിനടുത്ത്:*
വിദ്യാർഥികളുടെ വാഹനങ്ങൾ ക്യാംപസ് ഗേറ്റിനു സമീപമുള്ള നിശ്ചിത പാർക്കിങ് ഏരിയകളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.
വേഗപരിധി 15 കി.മീ: ക്യാംപസുകൾക്കുള്ളിൽ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 15 കിലോമീറ്ററായി നിജപ്പെടുത്തി.
സ്റ്റണ്ടുകൾക്ക് പൂർണ നിരോധനം: കാർ–ബൈക്ക് റാലികൾ, ഡ്രിഫ്റ്റിങ്, വാഹനങ്ങളുടെ ബോണറ്റിലും റൂഫിലും ഇരുന്നുകൊണ്ടുള്ള യാത്രകൾ, മറ്റ് അപകടകരമായ അഭ്യാസപ്രകടനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
*മുൻകൂർ അനുമതി:*
ആഘോഷങ്ങളുടെ വിവരങ്ങളും സമയക്രമവും മുൻകൂട്ടി ലോക്കൽ പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട റീജനൽ/സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും (RTO / SRTO) അറിയിച്ച് സുരക്ഷ ഉറപ്പാക്കണം.
മാർഗനിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.



0 Comments