LATEST

6/recent/ticker-posts

കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ ; ഇന്ന് കൊട്ടിക്കലാശം






തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ 23 ദിവസം നീണ്ട് നിന്ന പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ അവസാനഘട്ട പ്രചാരണവുമായി എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലങ്ങളിൽ സജീവമാണ്. വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ സംസ്ഥാനത്തേക്ക് ദേശീയ നേതാക്കളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.ദേശീയ നേതാക്കളെ എത്തിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ മത്സരിക്കുകയായിരുന്നു മുന്നണികൾ.

നാളെ നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.മികച്ച വിജയം നേടി ഭരണം പിടിക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ വികസനങ്ങൾ വോട്ടാകുമെന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.മൂന്നാം പിണറായി സർക്കാർ ഉണ്ടാകും എന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ഉറച്ച വിശ്വാസം.

അതേസമയം ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച നല്കില്ലെന്നതാണ് യുഡിഎഫിന്റെ ധൈര്യം.

ഇത്തവണ വലിയ നേട്ടം കൊയ്യാനാകുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ.ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ മൂന്നാഴ്ച നീണ്ട് നിന്ന പ്രചാരണരംഗം. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽദുരന്തബാധിതർക്കായുള്ള ഫണ്ടും, പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും,ഡീൽ ആരോപണവും എല്ലാം പ്രധാന ചർച്ചയായി.പാലക്കാടും കോഴിക്കോടും ഉൾപ്പെടെ പല ജില്ലകളിലും വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.ഈ തെരഞ്ഞെടുപ്പോടെ വടക്കൻ കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.

Post a Comment

0 Comments