കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനിയുള്ള 22 ദിവസത്തെ കാത്തിരിപ്പുകാലത്ത് രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുക കാര്യമായ അധികാരങ്ങളില്ലാതെ കാവൽ സർക്കാരായാണ്. മന്ത്രിസഭ ചേരാമെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി തേടണം. ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു തടസ്സമില്ലെങ്കിലും അതിനും അനുമതി വേണം. വോട്ടെടുപ്പ് കഴിഞ്ഞാലും ഒൗദ്യോഗികവസതിയിൽ താമസിക്കുന്നതിനു മന്ത്രിമാർക്കു തടസ്സമില്ല.
എല്ലാ ഫയലുകളും അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കാൻ പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ അനുമതി ആവശ്യമില്ലാത്ത ഫയലുകൾക്ക് ഇൗ സമിതി പച്ചക്കൊടി കാട്ടും. ഇത് ഫയൽ നീക്കം അൽപം സുഗമമാക്കിയിട്ടുണ്ട്. അടുത്ത മാസം പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇതിൽ പലരുടെയും അവസാന സ്ഥാനക്കയറ്റം കമ്മിഷന്റെ അനുമതിയില്ലാതെതന്നെ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇനിയെന്ത്?
∙ വോട്ടെണ്ണൽ മേയ് 4നാണ്. മാതൃകാ പെരുമാറ്റച്ചട്ടം മേയ് 6നു നീങ്ങും. വോട്ടെണ്ണലിന്റെ അന്നോ പിറ്റേന്നോ പുതിയ നിയമസഭാംഗങ്ങളെ വിജ്ഞാപനം ചെയ്യുന്നതോടെ നിലവിലെ നിയമസഭ ഇല്ലാതാകും.
∙ പിണറായി സർക്കാരിനു തുടർഭരണം ലഭിച്ചാലും ഗവർണർക്കു മുഖ്യമന്ത്രി രാജി സമർപ്പിക്കും. ശേഷമാണു പുതിയ സർക്കാർ രൂപീകരിക്കുക.
∙ യുഡിഎഫിനാണു മേൽക്കൈയെങ്കിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് അക്കാര്യം ഗവർണറെ അറിയിക്കും. അതിവേഗം അധികാരമേറ്റെടുക്കാനായിരിക്കും പുതിയ സർക്കാർ ശ്രമിക്കുക. മേയ് 23 വരെയാണ് ഇൗ സർക്കാരിന്റെ കാലാവധി.
∙ മന്ത്രിസഭ രൂപീകരിച്ച ശേഷം ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിലാകും പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ. പുതിയ സഭാസമ്മേളനത്തിൽ വീണ്ടും ഗവർണറുടെ നയപ്രഖ്യാപനവും പുതുക്കിയ ബജറ്റ് അവതരണവുമുണ്ടാകും. വോട്ടെണ്ണലിനു മുൻപുതന്നെ ഓഫിസിൽനിന്നു പ്രധാന രേഖകൾ പല മന്ത്രിമാരും നീക്കാറുണ്ട്. ഇതും അരങ്ങേറുന്നത് ഈ ഇടവേളയിലാണ്.



0 Comments