LATEST

6/recent/ticker-posts

ചിക്കൻ വില വർധന:പ്രതിസന്ധിയിലായി വ്യാപാരികളും





സംസ്ഥാനത്ത് ചിക്കൻ കച്ചവട മേഖല അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. എന്നാൽ ചിക്കന് കൊള്ളവില ഈടാക്കുന്നതായാണ് ഉപഭോക്താക്കൾ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതും ചൂട് കാരണം കോഴികള്‍ വേഗത്തില്‍ ചത്തൊടുങ്ങുന്നത് തടയാൻ ഉല്പാദനം കുറച്ചതുമാണ് വില കൂടാൻ കാരണം. തമിഴ്നാട്ടിലെ പൊങ്കല്‍ കഴിയുന്നതോടെ വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും വില ഉയർന്നു തന്നെയാണ് നില്‍ക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട വ്യാപാരികളാണ്. തമിഴ്നാട്ടില്‍ നിന്നും ലോഡ് കണക്കിന് കോഴികളെ കേരളത്തിലെ ഫാമുകളിലെത്തിച്ച്‌ ആവശ്യാനുസരണം വില്പന നടത്തിയിരുന്നു. എന്നാലിപ്പോള്‍ കോഴികള്‍ എത്തുന്നത് കുറഞ്ഞു. കൂടാതെ ഇവ ചത്തൊടുങ്ങുന്നതുമൂലം ഉണ്ടാകുന്ന കനത്ത നഷ്ടം കാരണം പലരും ഫാമുകളില്‍ സൂക്ഷിക്കുന്നവയുടെ എണ്ണം കുറച്ചു. ഇതോടെയാണ് വിലക്കയറ്റം രൂക്ഷമായത്.

*ഹോട്ടലുകാരും കാറ്ററിംഗും പ്രതിസന്ധിയില്‍*

ഹോട്ടലുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമാണ് വിലവർദ്ധന വലിയ തിരിച്ചടിയായത്. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നേരത്തെ വിഭവങ്ങള്‍ നിശ്ചിത തുകയ്ക്ക് ഓർഡർ എടുത്ത പലരും വില വർദ്ധിച്ചതോടെ വെട്ടിലായി. കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. നേരത്തെ 5 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഏഴര രൂപയാണ്. നാടൻമുട്ടയ്ക്ക് 10 രൂപയില്‍ നിന്നും 12 മുതൽ 13 വരേയും വില ഉയർന്നു. മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടിയതിനനുസരിച്ച്‌ ഹോട്ടലുകളില്‍ വിഭവങ്ങള്‍ക്ക് വില വർദ്ധിപ്പിക്കാനും സാധിക്കില്ല. വൻകിട കോഴി ഫാം ലോബിയുടെ പൂഴ്ത്തിവെയ്പ്പാണ് വില വർദ്ധനവിന് കാരണം. ബ്രോയിലർ കോഴിയുടെ ആവശ്യം കുറഞ്ഞാല്‍ വില കുറയ്ക്കാൻ വൻകിട ലോബികള്‍ നിർബന്ധിതരാകും. ബ്രോയിലർ കോഴിയുടെ ഉപയോഗം കുറച്ച്‌, വില കുറവുള്ള ലെഗോണ്‍ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്. വിലയില്‍ മാറ്റമില്ലെങ്കില്‍ ഈ ആഴ്ചമുതല്‍ കടയടപ്പ് സമരമുള്‍പ്പടെ നടത്തേണ്ടിവരും


Post a Comment

0 Comments