LATEST

6/recent/ticker-posts

ചുരത്തില്‍ ഗതാഗത നിയന്ത്രണം





താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികളും മരം നീക്കം ചെയ്യലും നടക്കുന്നതിനാല്‍ ജനുവരി 22, 23 (വ്യാഴം, വെള്ളി) തീയതികളില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

ഏഴാം വളവിന് മുകള്‍ഭാഗം മുതല്‍ ലക്കിടി വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികള്‍ക്കും ഹെയർപിൻ വളവുകള്‍ വീതികൂട്ടുന്നതിനായി മുറിച്ചിട്ട മരങ്ങള്‍ ആറാം വളവില്‍ നിന്നും ലോറിയിലേക്ക് മാറ്റിക്കയറ്റുന്നതിനുമായാണ് നിയന്ത്രണം.

ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് മള്‍ട്ടി ആക്സില്‍ ചരക്കുവാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും ചുരത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

ഇത്തരം വാഹനങ്ങള്‍ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പോലീസ്-റവന്യൂ അധികൃതർക്ക് കത്ത് നല്‍കി. ഗതാഗത ക്രമീകരണം ഫലപ്രദമായില്ലെങ്കില്‍ ചുരത്തില്‍ രൂക്ഷമായ കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

ഒൻപതാം വളവിനു മുകളില്‍ പാറയിടിച്ചിലുണ്ടായ ഭാഗത്തെ സുരക്ഷാ ജോലികളും എട്ട്, ഒൻപത് വളവുകളിലെ അറ്റകുറ്റപ്പണികളുമാണ് പ്രധാനമായും നടക്കാനുള്ളത്. ജനുവരി അഞ്ചിന് ഒന്നാം വളവ് മുതല്‍ ഏഴാം വളവ് വരെ ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും പലയിടങ്ങളിലും റോഡ് ഇപ്പോഴും തകർന്ന നിലയിലാണ്.

പാറയിടിച്ചില്‍ തടയാൻ പ്രത്യേക നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുരങ്കപാതാ നിർമ്മാണം ഏറ്റെടുത്ത ദിലീപ് ബില്‍ഡ് കോണ്‍ കമ്പനി ഉടൻ ആരംഭിക്കും.

മുൻപ് ഗതാഗതനിയന്ത്രണം ലംഘിച്ച്‌ ഭാരവാഹനങ്ങള്‍ എത്തിയത് ജോലികള്‍ക്ക് തടസ്സമുണ്ടാക്കിയ സാഹചര്യത്തില്‍, ഇത്തവണ കർശന നടപടികള്‍ ഉറപ്പാക്കാൻ കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന സമയങ്ങളില്‍ ക്രെയിൻ സർവീസ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ചുരത്തില്‍ ഉറപ്പുവരുത്തും.


Post a Comment

0 Comments