തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത് അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആണ് ഇതു സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നത്.
കെ-ടെറ്റ് യോഗ്യതയായി തിരുമാനിക്കും മുന്‍പ് സര്‍വീസില്‍ കയറിയ ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെയും സ്ഥാനക്കയറ്റത്തെയും ബാധിക്കുന്ന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതു പരിഗണിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ഇന്നലെ കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്കു വേണ്ടി ഫെബ്രുവരിയില്‍ പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. അതു കഴിഞ്ഞ് കൂടുതല്‍ വ്യക്തതയുള്ള പുതിയ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍വീസിലുള്ളവര്‍ക്ക് കെ-ടെറ്റ് നേടാന്‍ 2 വര്‍ഷം സുപ്രീംകോടതി സാവകാശം നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഇന്നലെ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് അധ്യാപക സംഘടനകള്‍ ഉന്നയിച്ചത്.



0 Comments