വയനാട് ചുരത്തിൽ വാഹനബാഹുല്യം ഭീഷണിയായി. 6, 7, 8 വളവുകൾക്കിടയിൽ ഗതാഗത തടസം അനുഭവപ്പെടുന്നതോടെ യാത്രക്കാർക്ക് ശക്തമായ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊതു അവധി ദിനവും ക്രിസ്മസ് അവധി ആരംഭവും കാരണം വയനാട് ഭാഗത്തേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ കുത്തനെ വർധിച്ചതോടെ ഗതാഗത സമ്മർദ്ദം ദിവസങ്ങൾക്കൊണ്ട് കൂടി മുറുകിയിരിക്കുകയാണ്. അത്യാവശ്യ യാത്രക്കാരെ സമയക്രമം ക്രമീകരിച്ച് യാത്ര ചെയ്യാൻ പോലീസും ട്രാഫിക് വിഭാഗവും നിർദേശിക്കുന്നു.
യാത്രയ്ക്കിടെ ഗതാഗത തടസം ദൈർഘ്യമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും കൈയ്യിൽ കരുതാനും നിർദേശം. വളവുകളിലും, വീതി കുറഞ്ഞ ഭാഗങ്ങളിലും, ട്രാഫിക് ബ്ലോക്കുകളിലും ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം. വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്താനും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ക്രിസ്മസ് അവധി തുടങ്ങിയതോടെ വയനാടിലെ പ്രധാന പട്ടണങ്ങളായ കൽപ്പറ്റ, വൈത്തിരി, മുട്ടിൽ, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഉച്ചയോടെയാണ് കൽപ്പറ്റ നഗരത്തിൽ ഏറ്റവും വലിയ ഗതാഗത അട്ടിമറി അനുഭവപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങൾ ഒരേസമയം നഗരത്തിലേക്ക് എത്തിയതോടെ പൊലീസ് പോലും നിയന്ത്രണത്തിൽ ബുദ്ധിമുട്ടാനിടയായി. ജനമൈത്രി ജങ്ഷൻ, കൈനാട്ടി ജങ്ഷൻ, കൈനാട്ടി ബൈപ്പാസ്, ചുങ്കം ജങ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് റിപ്പോർട്ട് ചെയ്തത്.
പല തെരുവുകളിലും പൊലീസ് വിന്യസിച്ചിട്ടും കൈനാട്ടി ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം പ്രയാസകരമായി. ചില റോഡുകളിൽ താൽക്കാലികമായി വാഹനങ്ങൾ നിർത്തി മറ്റുവഴികളിലൂടെ ഗതാഗതം ഒഴുക്കേണ്ടി വന്നിരുന്നു. കൈനാട്ടിയിൽ നിന്ന് കൽപ്പറ്റ കടന്നുപോകാൻ അരമണിക്കൂർ വരെ സമയം എടുത്ത സാഹചര്യമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സ്വകാര്യ ബസുകളും കെഎസ്ആർടിസി സർവീസുകളും സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടി.
അയ്യപ്പ ഭക്തരുടെ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ജില്ലയിലെ വിവിധ ഉത്സവങ്ങളും ടൂറിസം മേളകളും കൂടിയ തിരക്കിന് കാരണമായി. കൽപ്പറ്റയിലെ ഫ്ലവർ ഷോ, മേപ്പാടിയിലെ ടൂറിസം കാർണിവൽ, നടവയൽ ഉത്സവം, ഉടൻ ആരംഭിക്കുന്ന അമ്പലവയൽ പൂപ്പൊലി തുടങ്ങിയവയെ തുടർന്ന് അടുത്ത ദിവസങ്ങളിലും തിരക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് വയനാട്. ചില പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രാഫിക് പരിഷ്‌കരണങ്ങൾ ഫലപ്രദമായി നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



0 Comments