LATEST

6/recent/ticker-posts

സമരം ശക്തമാക്കാൻ ഡോക്ടർമാർ; ചില ഡ്യൂട്ടികൾ ബഹിഷ്കരിക്കും





കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ. പി.ടി.വിപിന് വെട്ടേറ്റതിനെ തുടർന്ന് ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ സംസ്ഥാനത്തെ ഡോക്ടർമാർ ചില ഡ്യൂട്ടികൾ ബഹിഷ്കരിക്കും. വി.ഐ.പി, ഇ സഞ്ജീവനി ഡ്യൂട്ടിയാണ് ബഹിഷ്കരിക്കുക. ഘട്ടങ്ങളായി സമരം കടുപ്പിക്കാനാണ്

കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ ഒന്നുമുതൽ ആരംഭിച്ച നിസഹകരണ സമരത്തിന്റെ തുടർച്ചയാണിത്. വെട്ടേറ്റ ഡോക്ടർ വിപിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും നടപ്പായില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടറെ ചികിത്സിച്ചത്. സംസ്ഥാനത്തെ ഗവ. ആശുപത്രികളിലെ സുരക്ഷ കുറ്റമറ്റതാക്കുക, ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായും സ്വതന്ത്രമായും ജോലിയെടുക്കാനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.


രോഗത്തിന്റ് ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന ട്രയാജ് സംവിധാനം സംസ്ഥാനതലത്തിൽ നടപ്പാക്കുന്നതിൽ അനുകൂല തീരുമാനമുണ്ടായിട്ടില്ല. താമരശ്ശേരി ആശുപത്രിയിൽ മാത്രമാണ് താത്കാലികമായി തുടങ്ങിയത്. സുരക്ഷയ്ക്കായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സേവനം ലഭ്യമാക്കണം. അല്ലെങ്കിൽ സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുരക്ഷയ്ക്ക് വിമുക്തഭടന്മാരുടെ സേവനം ഉറപ്പാക്കാൻ ഫണ്ട് ലഭ്യമാക്കുക, കോഡ് ഗ്രേ പ്രോട്ടോകോൾ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയും യാഥാർത്ഥ്യമായിട്ടില്ല. അക്രമം തടയാനും ഉണ്ടായാൽ എടുക്കേണ്ട നടപടിക്രമങ്ങളുമാണ് കോഡ് ഗ്രേയിലടങ്ങുന്നത്. കൃത്യമായ ഡോക്ടർ രോഗി അനുപാതവും നിർവചിച്ചിട്ടില്ല.

48 പുതിയ സി.എം.ഒ തസ്തികകൾ അനുവദിച്ചെങ്കിലും ഒരു ഷിഫ്റ്റിൽ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ സേവനം നൽകാൻ പോര. ഇതിന്റെ രണ്ടിരട്ടിയിലധികം ജീവനക്കാർ ആവശ്യമായിവരും. അതേസമയം ആശുപത്രി അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നു. വയനാട് പുല്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ അക്രമമുണ്ടായത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടന്ന ആക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ്.



Post a Comment

0 Comments