കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രം. കാലങ്ങളായി കോഴിക്കോട് ജില്ലയിലെ ഒരു തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെയാണ്. രണ്ട് ലോക്‌സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എം.പിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റേയും ആര്‍എംപിയുടേയും രണ്ട് സീറ്റുകള്‍ മാത്രമാണ് നേരിയ ആശ്വാസം.
സമാനമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെുടപ്പിലേയും അവസ്ഥ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ അത് മൃഗീയാധിപത്യത്തലുമായി. അഞ്ചുവര്‍ഷത്തിന് ശേഷം ജനങ്ങളുടെ യഥാര്‍ഥ മനസ്സിലിരിപ്പെന്തെന്നറിയുന്ന മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പുകൂടി വന്നെത്തുമ്പോള്‍ ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെയിറങ്ങി കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് തുടക്കമിട്ടുകഴിഞ്ഞെങ്കിലും ഇതൊന്നും ഇടതുകോട്ടയിളക്കാന്‍ പര്യാപ്തമായതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്.
കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത് മുതല്‍ ഇടതുചായ്‌വാണ്. ആകെയുള്ള 75 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. കഴിഞ്ഞ 10-15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇടതുപക്ഷം കൃത്യമായ മേധാവിത്വം പുലര്‍ത്തിയത് കാണാം.
2010-ല്‍ യുഡിഎഫിന് കോര്‍പ്പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്ക് കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. എല്‍ഡിഎഫിന്റെ നാല് സീറ്റും യുഡിഎഫിന്റെ മൂന്ന് സീറ്റും പിടിച്ചടക്കിയായിരുന്നു അന്ന് ബിജെപി കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്.
2020-ആവുമ്പോഴേക്കും സ്ഥിതി വീണ്ടും മാറി മറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്ക് ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴുസീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. എന്നാല്‍ ഇരുപത്തിരണ്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞു.
2015-ല്‍ പത്തിടത്ത് ജയിച്ച കോണ്‍ഗ്രസിന് 2020-ല്‍ ഒരു സീറ്റു കുറഞ്ഞപ്പോള്‍ മുസ്ലിം ലീഗിന് എട്ടുസീറ്റുകള്‍തന്നെ ലഭിച്ചു. അതേസമയം, എല്‍ജെഡിക്ക് രണ്ടുസീറ്റുകള്‍ നഷ്ടമായി ഒന്നിലൊതുങ്ങി.
ശക്തികേന്ദ്രമായ നല്ലളത്ത് വിമതസ്ഥാനാര്‍ഥി ജയിച്ചതാണ് മുസ്ലിം ലീഗിനേറ്റ തിരിച്ചടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധവും കോര്‍പ്പറേഷനില്‍ യുഡിഎഫിനെ തുണച്ചില്ല. കോര്‍പ്പറേഷനിലെ ഏക വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി രണ്ടുവോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
അരനൂറ്റാണ്ട് കാലത്തോളം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിച്ചിടത്ത് ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളുമെല്ലാം മുന്‍ നിര്‍ത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് നേരത്തെയിറങ്ങിയത്. പലയിടങ്ങളിലും സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയിടത്തടക്കം വിജയമുറപ്പിച്ച് മികച്ച സ്ഥാനാര്‍ഥികളെ ഇറക്കി ബിജെപിയും പോരിനിറങ്ങുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് ഒരുങ്ങിയിരിക്കുന്നത്. പൂര്‍ണ അത്മവിശ്വാസത്തിലുമാണ്. കഴിഞ്ഞ തവണ വനിതാ സംവരണമായിന്നു മേയര്‍ സ്ഥാനമെങ്കില്‍ ഇത്തവണ ജനറലിലേക്ക് മാറി.
കോഴിക്കോട് ജില്ലാപഞ്ചായത്തിലും ഇടത് ആധിപത്യത്തിന് ഒട്ടും കോട്ടമേല്‍ക്കാറില്ല. 2015-ല്‍ 27-ല്‍ 16 സീറ്റുനേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9.
2015-ല്‍ രണ്ടുസീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഐയും എല്‍ജെഡിയും ഒരുസീറ്റ് നേടിയ എന്‍സിപിയും 2020-ല്‍ അതു നിലനിര്‍ത്തി.
യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡിയും കേരള കോണ്‍ഗ്രസും (എം) വിട്ടുപോയിട്ടും ഒമ്പതുസീറ്റുകള്‍ നില നിര്‍ത്താനായതിനായത് യുഡിഎഫിന് ആശ്വാസമായിരുന്നു. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലാതെയാണ് യുഡിഎഫ് ജില്ലാ പഞ്ചായത്തില്‍ മത്സരിക്കാനിറങ്ങുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന കുറ്റ്യാടി ഡിവിഷനില്‍ ഇത്തവണ ലീഗ് മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചും കഴിഞ്ഞിട്ടുണ്ട്.നേരത്തെ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിന് ശേഷം 28 സീറ്റിലേക്കാണ് മത്സരം നടക്കുക.
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ് 20, എല്‍ഡിഎഫ് 17, എന്‍ഡിഎ 1) പയ്യോളി(യുഡിഎഫ് 21, എല്‍ഡിഎഫ് 14, എന്‍ഡിഎ 1) കൊടുവള്ളി( യുഡിഎഫ് 21, എല്‍ഡിഎഫ് 5, മറ്റുള്ളവര്‍ 10 ), രാമനാട്ടുകര(യുഡിഎഫ് 17, എല്‍ഡിഎഫ് 12, മറ്റുള്ളവര്‍ 2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ കൊയിലാണ്ടി(യുഡിഎഫ് 16, എല്‍ഡിഎഫ് 25, എന്‍ഡിഎ 3), വടകര (യുഡിഎഫ് 16, എല്‍ഡിഎഫ് 27, എന്‍ഡിഎ 3, മറ്റുള്ളവര്‍ 1)മുക്കം(യുഡിഎഫ് 11, എല്‍ഡിഎഫ് 12, എന്‍ഡിഎ 1, മറ്റുള്ളവര്‍ 9) തുടങ്ങിയ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു.
ഇതില്‍ തൃശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് നാലരവര്‍ഷത്തോളം ഭരണം നടത്തിയത്. ആകെയുള്ള 33 സീറ്റില്‍ സ്വതന്ത്രരെ കൂട്ടി 15 സീറ്റ് എല്‍ഡിഎഫ്, 15 സീറ്റ് യുഡിഎഫ്, രണ്ട് സീറ്റ് എന്‍ഡിഎ, ഒരു സീറ്റില്‍ ലീഗ് വിമതന്‍ ഇങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഇതോടെ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായി.
ഒന്നുകില്‍ എന്‍ഡിഎയുടെ പിന്തുണയോടെ ഭരിക്കണം അല്ലെങ്കില്‍ ലീഗ് വിമതന്റെ പിന്തുണയോടെ ഭരിക്കണമെന്നായതോടെ എല്‍ഡിഎഫ് ലീഗ് വിമതന്റെ പിന്തുണ തേടുകയായിരുന്നു. ഇരട്ടക്കുളങ്ങര ഡിവിഷനില്‍ നിന്നും ജയിച്ച ലീഗ് വിമതന്‍ അബ്ദുള്‍ മജീദായിരുന്നു നിര്‍ണായകം. അബ്ദുള്‍ മജീദിന്റെ പിന്തുണയോടെ നാലരവര്‍ഷം പി ടി ബാബു നഗരസഭയെ നയിച്ചെങ്കിലും അവസാന കാലം അബ്ദുള്‍ മജീദ് കാലുമാറി യുഡിഎഫിന് പിന്തുണ നല്‍കാനെത്തി. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും ക്വാറം തികയത്തതിനാല്‍ പരാജയപ്പെട്ടു.
വാര്‍ഡ് വിഭജനത്തിന് ശേഷം വടകര 48(47), കൊയിലാണ്ടി 46(44), പയ്യോളി 37(36) കൊടുവള്ളി 37(36), മുക്കം 34(33), രാമനാട്ടുകര 32(31), ഫറോക്ക് 39(38) എന്നിങ്ങനെയാണ് സീറ്റ് കണക്ക് (ബ്രാക്കറ്റില്‍ കഴിഞ്ഞവര്‍ഷത്തെ സീറ്റുകള്‍).
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചപ്പോള്‍ യുഡിഎഫിന് നിലമെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടേയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിന് നേട്ടമാവുകയും ചെയ്തു.
മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍.ഡി.എഫ്. മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2015-ല്‍ ഇടതുമുന്നണി 48 പഞ്ചായത്തുകളും യുഡിഎഫ് 22 പഞ്ചായത്തുകളുമാണ് നേടിയിരുന്നത്.
കഴിഞ്ഞതവണ മലയോരമേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്. കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകള്‍ നഷ്ടമായപ്പോള്‍ കൂടരഞ്ഞി തിരിച്ചുപിടിക്കാനായതായിരുന്നു ഏക ആശ്വാസം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണയാണ് കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ യുഡിഎഫിന് തുണയായത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലേക്ക് വന്നത് പഞ്ചായത്തുകളില്‍ കാര്യമായനേട്ടം എല്‍ഡിഎഫിന് നല്‍കിയില്ലെങ്കിലും കൂടരഞ്ഞിയില്‍ പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് മുന്നണിമാറ്റവും ഇടതുമുന്നണിയെ സഹായിച്ചു.
കോഴിക്കോട് ലൈവ്.
ആര്‍എംപി-ക്ക് സ്വാധീനമുള്ള വടകര മേഖലയില്‍ തിരുവള്ളൂരും ഏറാമലയും കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് നഷ്ടമായി. ആര്‍എംപിയുമായുണ്ടാക്കിയ കൂട്ടുകെട്ടാണ് ഏറാമലയില്‍ യുഡിഎഫിനെ തുണച്ചത്. അഴിയൂരും ഒഞ്ചിയവും നിലനിര്‍ത്താനും ആര്‍എംപി പിന്തുണ യുഡിഎഫിനെ സഹായിച്ചിരുന്നു. എന്നാല്‍ ആര്‍എംപിക്ക് ശക്തിയുള്ള ചോറോട് ഇടതുമുന്നണിക്ക് നിലനിര്‍ത്താനായി. ആദ്യമായി ചെങ്ങോട്ട്കാവ് പിടിച്ചെടുക്കാനായതാണ് കഴിഞ്ഞവര്‍ഷം ഇടതുമുന്നണിയുടെ മറ്റൊരു നേട്ടം. കോണ്‍ഗ്രസിലെ വിമതശല്യമാണ് യുഡിഎഫിന് തിരിച്ചടിയായത്. നീണ്ട ഇടവേളയ്ക്കുശേഷം കുന്ദമംഗലം തിരിച്ചുപിടിക്കാനും എല്‍ഡിഎഫിനായി.
കഴിഞ്ഞതവണ ഉണ്ണികുളം, കായക്കൊടി പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യനിലയിലായതോടെ നറുക്കെടുപ്പിലൂടെയാണ് അധികാരം നിശ്ചയിച്ചത്. രണ്ടിടത്തും നിലവില്‍ യുഡിഎഫാണ് ഭരിക്കുന്നത്.
പെരുമണ്ണ പഞ്ചായത്തില്‍ സ്വതന്ത്രനായി മത്സരിച്ചയാളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തതോടെ കക്ഷിനില മാറി. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ യുഡിഎഫ് എട്ടു സീറ്റ്, എല്‍ഡിഎഫ് പത്ത് സീറ്റ് എന്നിങ്ങനെയാണ് നിലവിലെ കണക്ക്.
പയ്യോളി നഗരസഭയില്‍ ഒരു കോണ്‍ഗ്രസ് അംഗം ആര്‍ജെഡിയിലേക്ക് മാറിയതോടെ കക്ഷിനില മാറി. 21 യുഡിഎഫും 14 എല്‍ഡിഎഫും ഒരു എന്‍ഡിഎയും എന്നുള്ളത് 20, 15, 1 എന്നിങ്ങനെയായി.
തിരുവമ്പാടി പഞ്ചായത്തില്‍ മുസ്ലിംലീഗുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കിയതോടെ കക്ഷിനിലയില്‍ മാറ്റംവന്നു. യുഡിഎഫ് 10 എല്‍ഡിഎഫ് 7 ഇങ്ങനെയായിരുന്നു കക്ഷിനില. രണ്ട് സീറ്റുണ്ടായിരുന്ന ലീഗിന് ഒരു സീറ്റായി കുറഞ്ഞു.
കോഴിക്കോട് ലൈവ്.
പുറമേരി പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫില്‍നിന്ന് ഒരു സീറ്റ് പിടിച്ചെടുത്തു. വില്യാപ്പള്ളി പഞ്ചായത്തില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് ഒരു സീറ്റ് പിടിച്ചെടുത്തു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച് ഭരണംപിടിച്ചു.
ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 ഇടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ്



0 Comments