തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവ്. സംസ്ഥാനത്തെ 23,562 വാർഡുകളിലായി 72,005 സ്ഥാനാർഥികളാണുള്ളത്. ഇന്ന് അന്തിമ കണക്കു വരുമ്പോൾ എണ്ണം വർധിച്ചേക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒട്ടേറെപ്പേർ മത്സരരംഗത്തു നിന്നു പിന്മാറി.
മത്സരിക്കുന്നവരിൽ 37,786 സ്ത്രീകളും 34,218 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. സ്ഥാനാർഥികളുടെ അന്തിമ പട്ടിക റിട്ടേണിങ് ഓഫിസർമാർ പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ 14 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തതിനാൽ അവിടെ മത്സരമില്ല.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ക്രമീകരിച്ചത്. പേര്, വിലാസം, പാർട്ടി, അനുവദിച്ച ചിഹ്നം, ഫോട്ടോ എന്നിവയാണ് ഈ പട്ടികയിലുള്ളത്. അതത് റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസുകളിലും ഈ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായതോടെ ഇനി രണ്ടാഴ്ച മാത്രമാണ് പ്രചാരണത്തിനു ബാക്കിയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നും ആണ് വോട്ടെടുപ്പ്. 13നാണ് വോട്ടെണ്ണൽ.



0 Comments