കൊടുവള്ളി : കൊടുവള്ളി ടൗണിൽ മൂത്തൊറമാക്കി, ചീനിച്ചുവട്, കടേക്കുന്നുമ്മൽ തുടങ്ങി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ആഴ്ചകളായി തുടരുന്ന കുടിവെള്ള ക്ഷാമം ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
ജന ജീവിതം ദുസ്സഹമായ ഈ സാഹചര്യത്തിൽ കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണാധികാരികളും ജലവിതരണ വകുപ്പ് അധികൃതരും ഉടൻ അടിയന്തര നടപടികൾ സ്വീകരിച്ച് ജനങ്ങൾക്ക് കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് എസ്‌ഡിപിഐ കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറി ബഷീർ പുഴങ്കര ആവശ്യപ്പെട്ടു.
മാനിപുരത്തും ചുള്ളിയാട് മുക്കിലും പൈപ്പുകൾ പൊട്ടി മാസങ്ങളായി ജലം പാഴാവുന്നുണ്ട്. ദേശീയ പാതയിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ അനുമതി നൽകാതിരിക്കുകയും, വാൽവുകൾ അടപ്പിക്കുകയും ചെയ്ത ദേശീയ പാത അധികൃതരുടെ നടപടി പ്രതിഷേധർഹമാണ്.
ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാതെ ബന്ധപ്പെട്ട ദേശീയപാത അധികൃതരും ജല വകുപ്പുകളും ഉത്തരവാദിത്വം മാറ്റിവെക്കുന്ന സമീപനം അനുവദിക്കാനാകില്ല.
ജനങ്ങളുടെ അടിസ്ഥാന അവകാശമായ കുടിവെള്ളം ലഭ്യമാക്കാത്തത് ഭരണകൂടത്തിന്റെ പരാജയമാണ്. ജനങ്ങളുടെ ദുരിതങ്ങൾ അവഗണിക്കുന്ന ഈ അനാസ്ഥയ്‌ക്കെതിരെ എസ്‌ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സലാം കാക്കേരി യോഗത്തിൽ അധ്യക്ഷനായി. ഷംസീർ.വി.കെ.ബഷീർ പുഴങ്കര,ഷാഫി അയ്യമ്പലത്ത്, നൗഷാദ് തനിമ എസ്‌ഡിപിഐ കൊടുവള്ളി ടൗൺ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ്, നൗഷാദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.



0 Comments