LATEST

6/recent/ticker-posts

കൊടുവള്ളിയിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം




കൊടുവള്ളി: കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ 10 ദിവസത്തോളം ആയി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ല. മെയിൻ റോഡിൽ രണ്ടോ മൂന്നോ സ്ഥലത്ത് റോഡിന് അടിയിലൂടെ പോകുന്ന അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നുണ്ടായിരുന്നു. അത് കേടുപാടുകൾ തീർത്തു നന്നാക്കണമെങ്കിൽ നാഷണൽ ഹൈവേയുടെ എൻജിനീയറിങ് വിഭാഗത്തിന്റെ സമ്മതപത്രം വേണമത്രേ

ഈ സമ്മതപത്രം ലഭി ക്കാൻ വാട്ടർ അതോറിറ്റി വിഭാഗം നാഷണൽ ഹൈവേയുടെ എൻജിനീയറിങ് വിഭാഗത്തെ സമീപിച്ചുവെങ്കിലും ലഭിക്കുന്നില്ല എന്ന മറുപടിയാണ് അവർ നൽകുന്നത്.തന്നെയുമല്ല പൊട്ടിയ പൈപ്പിലൂടെ വെള്ളം സമൃദ്ധമായി ഒഴുകുന്നത് മൂലം റോഡിന് വലിയ പൊട്ടൽ സംഭവിക്കുമെന്നും അതിനാൽ പൊട്ടിയ ഭാഗങ്ങളിലുള്ള വാൽവുകൾ മുഴുവൻ പൂട്ടിയിടണം എന്നും നാഷണൽ ഹൈവേക്കാർ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടുവത്രേ. അതനുസരിച്ച് വാട്ടർ അതോറിറ്റി മേൽ ഭാഗങ്ങളിലുള്ള വാൽവുകൾ അടച്ചത് കാരണം ആണ് ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാതെ വരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

കൊടുവള്ളിയിൽ കുന്നിൻ പ്രദേശങ്ങളിലുള്ള 4 റസിഡൻഷ്യൽ അസോസിയേഷന്റെ കീഴിലുള്ളതും കിണറുകളോ ജലനിധി സംവിധാനങ്ങളോ ഇല്ലാത്ത മുഴുവൻ വീട്ടുകാരും ഇതുമൂലം ദുരിതത്തിൽ ആയിരിക്കുകയാണ്. പൈപ്പ് റിപ്പയർ ചെയ്തു നന്നാക്കാൻ ആവശ്യമായ അനുമതി നൽകാതിരിക്കുകയും വാൽവുകളെല്ലാം നിർബന്ധമായി അടപ്പിക്കുകയും ചെയ്ത നാഷണൽ ഹൈവേയുടെ എൻജിനീയറിങ് വിഭാഗത്തിന്റെ ജനദ്രോഹ നടപടിയിൽ ഉപഭോക്താക്കൾ വളരെ രോഷാകുലരാണ്.

ഇരു വിഭാഗങ്ങളും പ്രശ്നം പരിഹരിച്ച് ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കൊടുവള്ളി മുൻസിപ്പൽ ഏരിയ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ആവശ്യപ്പെട്ടു.

Post a Comment

0 Comments