LATEST

6/recent/ticker-posts

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജയിക്കാനാവശ്യം 386 വോട്ട്, എന്‍ഡിഎ പ്രതീക്ഷ 436,ഭൂരിപക്ഷത്തിൽ കണ്ണുനട്ട് ബിജെപി



 

 ന്യൂഡല്‍ഹി : കണക്കുകള്‍ അനുസരിച്ച് വോട്ടുകള്‍ പെട്ടിയില്‍വീണാല്‍ ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്റെ വിജയം സുനിശ്ചിതമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വിജയത്തേക്കാളുപരി അവര്‍ ലക്ഷ്യമിടുന്നത്‌ ഭൂരിപക്ഷത്തിലേക്കാണ്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി.

300 സീറ്റുകളിലധികം നേടി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു 2024-ല്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വിജയിക്കാനായത് 240 സീറ്റുകളിൽ മാത്രമായിരുന്നു. അവകാശവാദം യാഥാര്‍ഥ്യമാക്കാന്‍ ബിജെപിക്ക് കഴിയാതെ പോയതിനെ ഇന്ത്യാമുന്നണി അവരുടെ രാഷ്ട്രീയനേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയവും ഭൂരിപക്ഷവും ബിജെപിക്ക് ഏറെ നിര്‍ണായകമാണ്.

വിപ്പ് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയില്ലെങ്കിലും പാര്‍ട്ടികളുടെ നിര്‍ദേശാനുസരണം തന്നെയായിരിക്കും ഭൂരിഭാഗം എംപിമാരും വോട്ട് രേഖപ്പെടുത്തുക. ഇന്നത്തെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ബിആര്‍എസിന്റെ തീരുമാനം. നാല് എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

11 എംപിമാരുള്ള വൈഎസ്ആര്‍സിപി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണനെ കഴിഞ്ഞദിവസം കണ്ട് പിന്തുണ അറിയിച്ചിരുന്നു. ഇത് എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്. ജയിലില്‍ കഴിയുന്ന പാര്‍ട്ടി എംപി മിഥുന്‍ റെഡ്ഡിക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇടക്കാല ജാമ്യം ലഭിക്കുമെന്നതിനാല്‍ വൈഎസ്ആര്‍സിപിയുടെ മുഴുവന്‍ പിന്തുണയും എന്‍ഡിഎ സ്ഥാനാര്‍ഥിക്കുണ്ടാവും.

മുന്‍പ് പല നിയമനിര്‍മാണവേളകളിലും ബിജെപിക്ക് ഒപ്പമായിരുന്നെങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി തീരുമാനിച്ചിട്ടുള്ളത്. ഏഴ് എംപിമാരാണ് ബിജെഡിക്കുള്ളത്.

ഇരുസഭകളിലുമായി 781 എംപിമാരാകും വോട്ട് രേഖപ്പെടുത്തുക. ബിആര്‍എസും ബിജെഡിയും വിട്ടുനിന്നാല്‍ ഈ സംഖ്യ 770 ആയി ചുരുങ്ങും. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട എംപിമാരുടെ പിന്തുണ 386 ആകും. ഇരുസഭകളിലുമായി നാനൂറിലധികം എംപിമാരാണ് എന്‍ഡിഎയ്ക്കുള്ളത്. ഇത് കൂടാതെ വൈഎസ്ആര്‍സിപിയുടെ 11 എംപിമാരുടെ വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിക്കും. അങ്ങനെയങ്കില്‍ സി.പി. രാധാകൃഷ്ണന് കിട്ടേണ്ട വോട്ടുകളുടെ എണ്ണം 436 ആണ്. ഇതില്‍നിന്ന് ഒന്ന് കുറയുന്നതുപോലും ബിജെപിക്ക് തലവേദനയുണ്ടാക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, 2024-ലെ 300 സീറ്റ് അവകാശവാദം സൃഷ്ടിച്ച മുറിപ്പാടിനെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വന്‍ഭൂരിപക്ഷംകൊണ്ട് മായ്ക്കാമെന്നതും ബിജെപിയുടെ കണക്കുകൂട്ടലാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാംനിലയിലെ വസുധഹാളില്‍ രാവിലെ പത്തുമണി മുതല്‍ വോട്ടിങ് ആരംഭിച്ചു. അഞ്ചുമണിവരെയാണ് വോട്ട് രേഖപ്പെടുത്താനാവുക. ആറുമണിയോടെ വോട്ട് എണ്ണിത്തുടങ്ങും.




Post a Comment

0 Comments