LATEST

6/recent/ticker-posts

വയനാട് തുരങ്കപാത; പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിന് മണിക്കൂറുകൾ മാത്രം നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും





തിരുവമ്പാടി : വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാനൊരുങ്ങി മലയോര ജനത. ചുരം കയറാതെ വയനാട് യാത്രയെന്ന പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിനാണ് ഞായറാഴ്ച തുടക്കമാകുന്നത്. ആനക്കാംപൊയിൽ നടക്കുന്ന നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മലബാറിന്റെ സമഗ്ര വികസനത്തിനായുള്ള എൽ ഡി എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിലേക്ക് കടക്കുന്നത്. സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാൻ മലയോര ജനത ഒരുങ്ങി. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ . പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാധ്യതകളും വർദ്ധിക്കും.

തുരങ്കപാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽ നിന്നും പത്ത് കിലോ മീറ്റർ മാത്രമാണ് ദൂരം. പാത യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ഗതാഗത – വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വികനത്തിന് ഗതിവേഗം കൂടും.

 ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ്‌ ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎ മാരായ ലിന്റോ ജോസഫ്, ടി സിദ്ധിഖ് തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments