കൊടുവള്ളി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിൽവരുത്തുന്നതിനോ, ടൗണിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് സേനയെ നിയമിക്കുന്നതിനും, കൊടുവള്ളി പോലീസ് സ്റ്റേഷൻ അധികൃതരോ, താമരശ്ശേരി ഡി.വൈ എസ്.പിയോ യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വവും, താൽപ്പര്യവും കാണിക്കാത്തതിൽ പ്രതിഷേധിച്ച് 19-08-28 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കൊടുവള്ളി നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ പോലീസ് സ്റ്റേഷൻ ധർണ്ണ നടത്താൻ തീരുമാനിച്ചു.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അതാതു കാലത്ത് എടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്തേണ്ട ചുമതല പോലീസിനാണെന്നിരിക്കെ നിരന്തരം നഗരസഭ ഇടപെട്ടിട്ടും പോലീസ് നിരുത്തരപാതപരമായ നയം സ്വീകരിക്കുകയാണ്.
കൊടുവള്ളി ടൗണിൽ ഒരു ഹോംഗാർഡ് മാത്രമാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. നിരന്തരം പോലീസ് സൂപ്രണ്ടിനോടും,ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനോടും അധികം സേനയെ ടൗണിൽ നിയമിക്കുന്നതിന് നിരന്തരം ആവശ്യപ്പെട്ടിട്ടും, അനുകൂലമായ സമീപനം പോലീസ് സ്വീകരിക്കുന്നില്ല.
തിരക്കു കുറഞ്ഞ മറ്റു ടൗണുകളിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് സേനയെ വിന്യസിക്കുമ്പോൾ, കൊടുവള്ളി ടൗണിൽ മാത്രം ഒരു ഹോംഗാർഡ് മാത്രമാണ് നിരന്തരം ട്രാഫിക് നിയന്ത്രിക്കാറുള്ളത്. കൊടുവള്ളിയോടുള്ള പോലീസ് മേധാവികളുടെ ഈ അവഗണന തീർത്തും ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ മാസം 25-ാം തിയ്യതി മുതൽ കൊടുവള്ളി ടൗണിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി തീരുമാനമെടുത്തെങ്കിലും പോലീസ് പൂർണ്ണമായും മുഖം തിരിഞ്ഞിരിക്കുകയാണ്. ധർണ്ണാ സമരംകൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകേണ്ടിവരുമെന്ന് കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു.


0 Comments