LATEST

6/recent/ticker-posts

കേരളത്തില്‍ ദേശീയപാത 66-ല്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കും സമ്ബൂ‍ര്‍ണ്ണ നിരോധനമുണ്ടോ? വാ‍ര്‍ത്തയിലെ വസ്തുതയെന്ത്?


കേരളത്തില്‍ വികസിപ്പിച്ചു വരുന്ന ദേശീയപാത 66 ല്‍ ഓട്ടോറിക്ഷയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സമ്ബൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു എന്ന നിലയില്‍ നേരത്തെ വാർത്തകള്‍ വന്നിരുന്നു.രാമനാട്ടുകര -വളാഞ്ചേരി, കഴക്കൂട്ടം-കരോട് തുടങ്ങിയ പാതകളില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും പ്രവേശനം നിയന്ത്രിക്കാൻ ദേശീയപാത അതോറിട്ടി (എൻഎച്ച്‌എഐ) പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഈ നിരോധനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കേരളത്തെ സംബന്ധിച്ച്‌ വന്ന വാ‍ർത്തയില്‍ എത്രത്തോളം വസ്തുതയുണ്ട്. പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നുണ്ടോ?

"ജനറല്‍ ഇന്ത്യൻ റോഡ്സ് കോണ്‍ഗ്രസ് (ഐആർസി) ചട്ടങ്ങള്‍ അനുസരിച്ച്‌, പ്രധാന എക്സ്പ്രസ് വേകളിലും ആറ് വരി പാതകളിലും - ഉദാഹരണത്തിന്, ദേശീയ തലസ്ഥാനത്തെ ദ്വാരക എക്സ്പ്രസ് വേയില്‍ - ഇത്തരം ചെറിയ വാഹനങ്ങളുടെ പ്രവേശനം അനുവദനീയമല്ല.

എന്നാല്‍, കേരളത്തില്‍ സ്ഥിതി വ്യത്യസ്തമായിരിക്കും, എൻഎച്ച്‌ 66 ആറ് വരിയായി വീതികൂട്ടല്‍ പൂർത്തിയാകുമ്ബോള്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പ്രവേശനത്തിന് പൂർണ്ണ നിരോധനം ഉണ്ടാകില്ല," പ്രോജക്‌ട് ഡയറക്ടറായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഹൈവേ വീതി കുറവായതിനാലും ആവശ്യാനുസരണം വേണ്ടുന്ന സർവീസ് റോഡുകളുടെ അഭാവത്താലും ഇരുചക്ര വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാലും എൻ‌എച്ച്‌എ‌ഐ നിരോധനം ഏർപ്പെടുത്തില്ല.

ഒരു പ്രധാന കാരണം ദേശീയ പാത -66 ലെ വീതിയാണ്. "മറ്റ് മിക്ക സംസ്ഥാനങ്ങളിലെയും പോലെ, കുറഞ്ഞത് 60 മീറ്റർ വീതിയുള്ള ആറ് വരി ഹൈവേകളില്‍ നിയന്ത്രണം നടപ്പിലാക്കാമെന്ന് ഇന്ത്യൻ റോഡ്സ് കോണ്‍ഗ്രസ് (IRC) കോഡുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇവിടെ വീതി 45 മീറ്റർ മാത്രമാണ്," എൻ എച്ച്‌ എ ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, തലപ്പാടി (കാസർകോട്) മുതല്‍ മുക്കോല (തിരുവനന്തപുരം) വരെയുള്ള 644 കിലോമീറ്റർ ദൂരത്തില്‍ കേന്ദ്ര ഏജൻസി സർവീസ് റോഡുകള്‍ വികസിപ്പിക്കുന്നുണ്ടെങ്കിലും, പലയിടത്തും മതിയായ വീതി ലഭ്യമല്ല. ചില സ്ഥലങ്ങളില്‍ സർവീസ് റോഡുകള്‍ തീരെയില്ല. " അതിനാലാണ് ഇവിടെ ഇളവ് അനുവദിക്കുന്നത്.

എന്നാല്‍, വാഹനങ്ങള്‍ക്ക് എവിടെ നിന്നും ദേശീയപാതയിലേക്ക് കയറാൻ കഴിയില്ല. അതിനായി നിശ്ചിത സ്ഥലമുണ്ടാകും (അതായത് വാഹനങ്ങള്‍ക്ക് ദേശീയ പാതയിലേക്ക് കയറാനും ഇറങ്ങാനും നിശ്ചിത സ്ഥലങ്ങള്‍ നല്‍കും -എൻട്രി പോയിന്റുൂം എക്സിറ്റ് പോയിന്റും- അതുവഴി മാത്രമേ കയറാനും ഇറങ്ങാനും സാധിക്കുകയുള്ളൂ) . കൂടാതെ, മുഴുവൻ ദേശീയപാത 66 സ്ട്രെച്ചിലും യു-ടേണുകളോ ട്രാഫിക് സിഗ്നലുകളോ ഉണ്ടാകില്ല. പകരം ആവശ്യത്തിന് അടിപ്പാതകള്‍ നിർമ്മിക്കുന്നുണ്ട്." ഉദ്യോഗസ്ഥൻ പറഞ്ഞു.

വാഹനങ്ങളുടെ എണ്ണത്തില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളുള്ള സംസ്ഥാനങ്ങളില്‍ സമ്ബൂർണ നിരോധനം ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. "സർവീസ് റോഡുകളുടെ പരിമിതി മൂലം പ്രധാന റോഡ് അടച്ചാല്‍ ഇത്രയും കൂടുതല്‍ വാഹനങ്ങളുള്ളതിനാല്‍ സുഗമമായ ഗതാഗതം സാധ്യാമാകാതെ വരും,"

"മിക്ക റൂട്ടുകളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. അത്തരം വാഹന പ്രവേശനം നിരോധിക്കുന്നതിനുള്ള ഏതൊരു തീരുമാനവും പ്രാദേശിക ഭൂപ്രകൃതിയും സർവീസ് റോഡുകളുടെ ലഭ്യതയും അടിസ്ഥാനമാക്കിയായിരിക്കും," അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കും

ആറ് വരി പാതയിലൂടെയുള്ള വേഗത്തിലുള്ള യാത്രയിലൂടെ സമയം ലാഭിക്കുന്നതിന് പകരം പണം നല്‍കേണ്ടിവരും, കാരണം എൻ എച്ച്‌ എ ഐ സംസ്ഥാനത്തുടനീളം കൂടുതല്‍ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കാൻ പോകുന്നു. "

"അടുത്ത വർഷം ജൂണില്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന വീതി കൂട്ടല്‍ പ്രവർത്തനങ്ങള്‍ക്ക് ശേഷം ഇത് തീരുമാനിക്കും," .

തീർച്ചയായും, നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, ആലപ്പുഴ (കൃപാസനം, എരമല്ലൂർ -- എലിവേറ്റഡ് ഹൈവേ), കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്ഥാനത്തുടനീളം കൂടുതല്‍ ടോള്‍ പ്ലാസകള്‍ വരും," എൻ എച്ച്‌ എ ഐ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

Post a Comment

0 Comments