തിരുവനന്തപുരം :
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ കരട് പട്ടികയിൽ 2.67 കോടി വോട്ടർമാർ. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്‌ത്രീകളും 233 ട്രാൻസ്‌ജെൻഡർമാരുമാണ് പട്ടികയിലുള്ളത്. കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കും. 2024 ജൂലൈ ഒന്നിന് പുതുക്കിയ വോട്ടർപട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിക്കുക. തുടർന്ന് പേര് ചേർക്കുന്നതിനും ഒഴിവാക്കലിനും അവസരം ലഭിക്കും. ഇതോടെ ആഗസ്‌ത് 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിൽ നിലവിലെ കണക്കിൽ മാറ്റം വരും.
2025ലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ ആകെ 30,759 പോളിങ് ബൂത്തുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി 5450 ബൂത്തുകളും പഞ്ചായത്തുകളിൽ 25,309 ബൂത്തുകളുമാണ് സജ്ജമാക്കുക. പഞ്ചായത്തുകളിൽ ഒരു വാർഡിൽ 1300 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 1600 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലുമാണ് ക്രമീകരണം. ഇതിൽ 1272 ബൂത്തുകളിൽ വോട്ടർമാരിൽ 500 താഴെയാണ്. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും എണ്ണം 1600 ആക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 34 ബൂത്തുകളിൽ 1600ന് മുകളിൽ വോട്ടർമാരുണ്ട്. 2020ലെ പൊതുതെരഞ്ഞെടുപ്പിൽ ആകെ 34,710 പോളിങ് ബൂത്തുകളാണ് -ഉണ്ടായിരുന്നത്.
കരട് വോട്ടർ പട്ടിക കമീഷന്റെ വെബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും ലഭ്യമാക്കും. കമീഷന്റെ നിർദേശാനുസരണം തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് പട്ടിക തയ്യാറാക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ



0 Comments