LATEST

6/recent/ticker-posts

മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ തിരിച്ചടി, തകർന്നടിഞ്ഞ് ഇസ്രയേലിലെ കെട്ടിടങ്ങൾ; അടിയന്തര യോഗം വിളിച്ച് IAEA



 

 ടെൽഅവീവ്: ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. ടെൽഅവീവിൽ നടത്തിയ മിസൈലാക്രമണത്തിൽ 86 പേർക്ക് പരിക്കേറ്റതായാണ് ടൈംസ് ഓഫ് ഇസ്രയേൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹൈഫ, നെസ് സിയോണ, റിഷോൺ ലെസിയോൺ, ടെൽ അവീസ് ഉൾപ്പെടെയുള്ള വടക്കൻ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ടെഹ്റാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേൽ തുടക്കമിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, എസ്ഫഹാൻ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലിൽ ഇറാൻ ആക്രമണം കടുപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ ടെൽഅവീവിലെ തെരുവുകൾ വിജനമായതായി പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്താകെ കനത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. മിസൈൽ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ബങ്കറുകളിലേക്ക് ഓടിക്കയറുന്നതിനിടയിൽ ക്രമരഹിതമായി പാർക്ക് ചെയ്തിട്ടു പോയ വാഹനങ്ങളും ദൃശ്യങ്ങളിലുണ്ട്. ബെൻഗുറിയോൺ വിമാനത്താവളം ഉൾപ്പെടെയുള്ള ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം.

അമേരിക്കയുടെ നീക്കങ്ങൾക്ക് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറനിയൻ സ്റ്റേറ്റ് ടെലിവിഷൻ രംഗത്തെത്തിയിരുന്നു. മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നൽകിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബ്രിട്ടൻ. ഇസ്രയേൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെയും ആശ്രിതരേയും കൊണ്ടുപോകാൻ ബ്രിട്ടൻ വിമാനം ഒരുക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആവശ്യാനുസരണം കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുമെന്നും യുകെ അറിയിച്ചു.

ഇറാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തിങ്കളാഴ്ച അടിയന്തര യോഗം ചേരുമെന്ന് യുഎൻ ആണവനിരീക്ഷണ സമിതി മേധാവി അറിയിച്ചു. യുഎസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇറാന്റെ ആണവ മേധാവി മുഹമ്മദ് എസ്ലാം ഐഎഇഎയ്ക്ക് കത്തെഴുതിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആണവ കേന്ദ്രങ്ങളിൽ നിന്ന് വികിരണ അളവുകളിൽ വർധനവില്ലെന്ന് ഐഎഇഎ പറയുന്നു.




Post a Comment

0 Comments