ന്യൂഡല്‍ഹി: സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടുഘട്ടമായാണ് സെന്‍സസ് നടത്തുക. 2026 ഒക്ടോബര്‍ ഒന്നിനാണ് ആദ്യഘട്ടം. 2027 മാര്‍ച്ച് ഒന്നിന് രണ്ടാംഘട്ടം. ലഡാക്കിലെയും ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിലെയും സെന്‍സസ് നടപടികള്‍ 2026 ഒക്ടോബർ
ഒന്നാം തീയതി ആരംഭിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ സെന്‍സസ് 2027 മാര്‍ച്ച് ഒന്നിനാണ് തുടങ്ങുക.
സെന്‍സസ് വിവരശേഖരണത്തിൽ ഹൗസ് ലിസ്റ്റിങ് ഓപ്പറേഷനിൽ (എച്ച്എല്‍ഒ) പാര്‍പ്പിടങ്ങളുടെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തും. പോപ്പുലേഷന്‍ എന്യൂമറേഷനിൽ (പിഇ) ജനസംഖ്യാപരവും സാമൂഹിക-സാമ്പത്തികവും സാംസ്‌കാരികവുമായ വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തികളുടെ ജാതി സംബന്ധിച്ച വിവരം ഈ ഘട്ടത്തിലാണ് ശേഖരിക്കുന്നത്.
2011-ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. 16-ാമത്തെ സെന്‍സസ് നടപടികളാണ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ആരംഭിക്കുന്നത്. 34 ലക്ഷം എന്യുമറേറ്റര്‍മാര്‍ ഉള്‍പ്പെടെ 1.3 ലക്ഷം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ജനസംഖ്യമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്നത്. രാജ്യത്ത് സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തിയിരുന്നത്. ഇതനുസരിച്ച് 2021-ലായിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡിനെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.



0 Comments