കോഴിക്കോടിനെ മുൾമുനയിൽ നിർത്തിയ പുതിയ ബസ് സ്റ്റാന്‍ഡിലെ തീ അണച്ചത് 10–ാം മണിക്കൂറില്‍. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ ദൗത്യം ഫലം കണ്ടത് പുലർച്ചെ 3 മണിയോടെയാണ്. അഞ്ചാം മണിക്കൂറിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലർച്ചെ മൂന്ന് മണിക്കാണ് ശമിച്ചത്. അഗ്നി രക്ഷാസേനയ്ക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിലെ ക്രാഷ് ടെഡറും ടോപ് പമ്പിംങ്ങുമാണ് തീ കെടുത്താൻ സഹായകരമായത്.
തീപിടുത്തത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടുത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിന്‍റെ ഗോഡൗണിൽ മാത്രം 50 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെ മെഡിക്കല്‍ ഷോപ്പിന് മുകളില്‍ വീണ്ടും തീ ഉയര്‍ന്നെങ്കിലും അഗ്നിരക്ഷാസേനയ്ക്ക് നിയന്ത്രിക്കാനായി. കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന ഉള്‍പ്പെടെ പതിനഞ്ച് യൂണിറ്റുകള്‍ ഇന്നലെ തീ അണയ്ക്കാനായെത്തി.
കെട്ടിടത്തിന്‍റെ അശാസ്ത്രീയ നിർമാണവും തീ കെടുത്തുന്നതിനെ ബാധിച്ചു. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ ഫയർ എക്സിൻഗ്യൂഷറും എമർജൻസി എക്സിറ്റും ഉണ്ടായിരുന്നില്ല. അനധികൃത ഷട്ടറുകളും ഷീറ്റുകളും രക്ഷാദൗത്യത്തിന് തടസമായെന്നും അഗ്നി രക്ഷാസേന വ്യക്തമാക്കി. നാലുഭാഗവും കെട്ടിയടച്ച സ്ഥാപനത്തിന്‍റെ ഫൈബര്‍ ഗ്ലാസുകളും ചുമരുകളും മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത ശേഷമാണ് ഉള്ളിലേയ്ക്ക് വെള്ളം ചീറ്റാനായത്.
തീപ്പിടുത്തത്തിന്‍റെ കാരണം അന്വേഷിച്ച് കണ്ടെത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. അശാസ്ത്രീയ നിർമാണം തീ ആളിപടരാൻ കാരണമായതായാണ് പ്രാഥമിക കണ്ടെത്തൽ.
0 Comments