മടവൂർ: "അതിജീവനത്തിന്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'മതിൽ' മഹാ സംഗമം നാളെ രാവിലെ എട്ട് മണി മുതൽ മടവൂർ പാലസിലെ പി.കെ സുബൈർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലഹരി, ഫാസിസ്റ്റ് ഭീഷണി, മതനിരാസം, അരാഷ്ട്രീയ വാദം, തീവ്രവാദം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ സംഗമത്തിൽ ചർച്ചയാകും. ഇവക്കെതിരെ മണ്ഡലത്തിലുടനീളം പ്രതിരോധം തീർക്കുന്നതിന് ആയിരത്തി അഞ്ഞൂറ് പ്രതിനിധികളെ പ്രാപ്തമാക്കുക എന്നതാണ് 'മതിൽ' സംഗമം ലക്ഷ്യമിടുന്നത്. 'മതിൽ' മഹാ സംഗമം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
മനുഷ്യാവകാശ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. ഹർഷ് മന്ദിർ ഡൽഹി മുഖ്യാതിഥിയാകും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രസംഗിക്കും. വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ.എം.കെ മുനീർ എം.എൽ.എ, കെ.എം ഷാജി, അഡ്വ. കെ.എൻ.എ ഖാദർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. അബ്ദുള്ള ബാസിൽ, ഡോ. സുലൈമാൻ മേൽപത്തൂർ, റാഷിദ് ഗസ്സാലി, ഡോ. നിഷാദ് റഹ്മാൻ എന്നിവർ പ്രതിനിധികളുമായി സംവദിക്കും. രാത്രി പത്ത് മണിക്ക് പ്രശസ്‌ത ഖവാലി സംഗീതജ്ഞ്യൻ ഗഫൂർ.എം.ഖയ്യാമിന്റെ മെഹ്ഫിലോടു കൂടി സംഗമം സമാപിക്കും. സംഗമത്തിന്റെ മുന്നോടിയായി നടക്കുന്ന അക്ഷരോത്സവം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മടവൂർ പാലസിൽ എഴുത്തുകാരൻ പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്യും. കവിത, പ്രബന്ധ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. 'മതിൽ' മഹാ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിനിധികൾ നാളെ രാവിലെ 7.30 ന് തന്നെ മടവൂർ പാലസിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ.കെ ഇസ്‌മയിൽ, ജനറൽ സെക്രട്ടറി എം.നസീഫ്, മതിൽ ഡയരക്‌ടർ റഫീഖ് കൂടത്തായ്, ട്രഷറർ സൈനുദ്ധീൻ കൊളത്തക്കര തുടങ്ങിയവർ സംബന്ധിച്ചു.
0 Comments