LATEST

6/recent/ticker-posts

വഖഫ്​ ഭേദഗതി നിയമത്തിനെതിരെ മുസ്​ലിം ലീഗ്​ മഹാറാലി, ‘പൗരന്‍റെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ കൈയേറ്റക്കാരാവുന്നു സാദിഖലി തങ്ങൾ.





കോഴിക്കോട് : വഖഫ്​ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്​ കടപ്പുറത്ത് മുസ്​ലിം ലീഗ്​ സംഘടിപ്പിച്ച മഹാറാലിയിൽ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. പൗരന്‍റെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ തന്നെ അവരുടെ സ്വത്തുക്കളുടെ കൈയേറ്റക്കാരാവുകയാണെന്ന്​ സാദിഖലി തങ്ങൾ പറഞ്ഞു.
വഖഫ്​ സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്​. ഇത്​ മുസ്​ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ ഭരണഘടനയെ ഹനിക്കുന്ന നിയമം എന്ന നിലയിൽ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കപ്പെടുകയാണ്​. ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കാവൽക്ഷേത്രമായിരുന്ന പാർലമെന്‍റിനെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി തമ്മിൽ തല്ലിക്കാൻ​ ദുരുപയോഗം ചെയ്യുകയാണ്​ മോദി സർക്കാറെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി
വഖഫ്​ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധം അവഗണിച്ച്​ മുന്നോട്ടു​ പോകാനാണ്​ ഉദ്ദേശ്യമെങ്കിൽ അതിനെ ജനാധിപത്യപരമായി ചെറുക്കും. സുപ്രീംകോടതി ബുധനാഴ്ച വാദികളുടെ അഭിപ്രായങ്ങൾക്ക്​ ചെവികൊടുത്തു എന്നത്​ പ്രതീക്ഷ നൽകുന്നതാണ്​. ഇന്ന്​ മുസ്​ലിംകൾക്കെതിരെയാണ്​ സർക്കാർ നീക്കമെങ്കിൽ നാളെ ആർക്കെതിരിലും ഇത്തരം കരിനിയമങ്ങൾ ചുട്ടെടുക്കാം.

മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഷയം ദുരുപയോഗം ചെയ്യുകയാണ്​.​ ലീഗ്​ മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ്​. അവിടെ സാമുദായിക സൗഹൃദത്തിനാണ് ഊന്നൽ നൽകുന്നത്​. വിഷയത്തിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ആശയവിനിമയം തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.രാജ്യത്ത് നിരന്തരം​ കള്ളം പ്രചരിപ്പിച്ച്​ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്​ മോദി സർക്കാറെന്ന്​ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. വഖഫ്​ വിഷയത്തിൽ കോൺഗ്രസ്​ മുസ്​ലിം ലീഗിന്‍റെ പോരാട്ടങ്ങൾക്കൊപ്പമാണ്​. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കുകയാണ്​ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്നും ഗൗഡ കുറ്റപ്പെടുത്തി.

മുനമ്പം വിഷയത്തിൽ കുറുക്കന്‍റെ കണ്ണുമായി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്​ പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന്​ ലീഗ്​ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച്​ മുതലെടുക്കുന്ന കേന്ദ്ര സർക്കാറിന്‍റെ അതേനയംതന്നെയാണ്​ സംസ്ഥാന സർക്കാറും പയറ്റുന്നത്​. പ്രശ്നം എങ്ങനെ പരിഹരിക്കാതിരിക്കാമെന്നാണ്​ സർക്കാർ ആലോചിക്കുന്നത്​. മോദിക്ക്​ ആളെ കൂട്ടുകയാണ്​ അവർ. മതേതരത്വത്തിന്‍റെ കരുത്തുകൊണ്ട്​ അതിനെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വഖഫ്​ സംരക്ഷണത്തിനായി മുസ്​ലിം ലീഗ്​ നടത്തിയ മഹാറാലിയിൽ കടപ്പുറം ജനസാഗരമായി. നേരത്തേ വഖഫ്​ ബോർഡ്​ നിയമനം പി.എസ്​.സിക്ക്​ വിടാനുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ ലീഗ്​ നടത്തിയ പ്രതിഷേധ റാലിയെ കവച്ചുവെക്കുന്ന ജനക്കൂട്ടമാണ്​ കടപ്പുറ​ത്തേക്ക്​ ഒഴുകിയെത്തിയത്​. നട്ടുച്ച വെയിലിനെ അവഗണിച്ച്​ ഉച്ചമുതൽ തന്നെ കടപ്പുറത്തേക്കുള്ള വഴികളിലൂടെയെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി വനിതകൾ ഉൾപ്പെടെ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് നാല്​ മണിയോടെ കാലുകുത്താൻ ഇടമില്ലാത്ത വിധം കടപ്പുറം നിറഞ്ഞു. വഖഫ്​ ഭേദഗതി നിയമത്തിനെതിരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ്​ പ്രഫ. കെ.എം. ഖാദർ മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ്​ ബഷീർ, അബ്​ദുസ്സമദ്​ സമദാനി, പി.വി. അബ്​ദുൽ വഹാബ്​, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ്​ എം.എൽ.എ, അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ, മുനവ്വറലി തങ്ങൾ, കെ.എം. ഷാജി എന്നിവരും സംസാരിച്ചു. ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പാറക്കൽ അബ്​ദുല്ല നന്ദിയും പറഞ്ഞു.

Post a Comment

0 Comments