മലപ്പുറം: നിലമ്ബൂരില്‍ പി.വി. അൻവറിന് പ്രസക്തിയില്ലെന്ന് മുസ് ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുള്‍ വഹാബ്.യു.ഡി.എഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് അൻവർ അല്ലെന്നും അബ്ദുല്‍ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അൻവർ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർഥിയായാലും മുസ് ലിം ലീഗ് പിന്തുണക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പ്രസംഗത്തിലും അബ്ദുല്‍ വഹാബ് പ്രതികരിച്ചു. വർഗീയ ചേരിതിരിവ് മലപ്പുറത്ത് നടക്കില്ലെന്ന് വഹാബ് പറഞ്ഞു.
മലപ്പുറത്തെ കുറിച്ച് അറിയാതെയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും ലീഗ് നേതാവ് വ്യക്തമാക്കി.
അതേസമയം, രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തില്‍ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്ബോഴും സ്ഥാനാർഥി നിർണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാൻ സന്നദ്ധരല്ല. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയ സർവേയില്‍ ജോയിക്കാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടൻ ഷൗക്കത്ത്. മണ്ഡലത്തില്‍ പ്രധാന ഘടകമായ പി.വി. അൻവറിന്റെ പിന്തുണ തുടക്കം മുതല്‍ ജോയിക്കാണ്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും ഉപതെരഞ്ഞെടുപ്പിന്‍റെ യു.ഡി.എഫിന്റെ ചുമതലക്കാരനുമായ എ.പി. അനില്‍കുമാർ എം.എല്‍.എ പി.വി. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജോയിക്കു തന്നെയാണ് തന്റെ പിന്തുണയെന്നാണ് അൻവർ അറിയിച്ചതെന്നാണ് സൂചന. മുസ്‍ലിം ലീഗ് ആർക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാള്‍ ബന്ധം ജോയിക്കാണ്.
സ്ഥാനാർഥിനിർണയം കീറാമുട്ടിയായ സ്ഥിതിക്ക് കോണ്‍ഗ്രസ് പട്ടികയില്‍ മൂന്നാമതൊരു സ്ഥാനാർഥിയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അവസാന നിമിഷം കോണ്‍ഗ്രസ് പട്ടികയില്‍ ട്വിസ്റ്റ് ഉണ്ടാവും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവർ പട്ടികയില്‍ ഇടം നേടാനും സാധ്യതയുണ്ട്.
ഭരണവിരുദ്ധവികാരം, അൻവർ ഫാക്ടർ, വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ വെള്ളപൂശിയ മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍ എന്നിവയെല്ലാം മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂല ഘടകമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം കോണ്‍ഗ്രസ് പ്രഖ്യാപനത്തിനുശേഷമേ ഉണ്ടാവൂ എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
0 Comments