കോഴിക്കോട് :ശനിയാഴ്ച രാവിൽ മാനത്ത് റംസാനമ്പിളി തെളിഞ്ഞതോടെ ഇസ്‌ലാം മത വിശ്വാസികൾക്ക് വീണ്ടും വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾ. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. നോമ്പെടുത്തും സത്കർമങ്ങൾ അധികരിപ്പിച്ചും മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കാനാകും ഇനി ഓരോ വിശ്വാസിയുടെയും ശ്രമം..
പുണ്യ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുങ്ങിയിരുന്നു. പള്ളികളും വീടകങ്ങളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ ഉയർന്ന പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി. റംസാന് മുന്നോടിയായി പാവപ്പെട്ടവർക്ക് ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകി. നന്മയിലൂടെ കൂടുതൽ മുന്നേറാൻ തീർച്ചപ്പെടുത്തിയാണ് വിശ്വാസികൾ റംസാനിലേക്ക് കടക്കുന്നത്..
‘കരിയിച്ചുകളയുക’ എന്നാണ് റംസാൻ എന്ന അറബി വാക്കിന്റെ അർഥം. വൃതം അനുഷ്ഠിക്കുന്നവരിൽ നിന്ന് വന്നിട്ടുള്ള കുറ്റങ്ങളെ കരിയിച്ചു കളയുമെന്ന് സാരം. റംസാൻ മാസത്തിൽ ഒരു നന്മ ചെയ്യുമ്പോൾ അതിന് പത്ത് മുതൽ എഴുപത്, എഴുനൂറ്, എഴുപതിനായിരം വരെ മടങ്ങ് പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ദാനധർമങ്ങളും ജീവകാരണ്യ പ്രവർത്തനങ്ങളും വ്യാപകമാകും. പള്ളികളിൽ രാത്രി തറാവീഹ് നമസ്കാരവും ഉണ്ടാകും..
0 Comments