കോഴിക്കോട്: എസ് എസ് എൽ സി പരീക്ഷയ്ക്കായി കുട്ടികൾ എല്ലാവരും സ്കൂളിലേക്കെത്തുമ്പോൾ കോഴിക്കോട് എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ 49ാം നമ്പർ ക്ലാസ് റൂമിലെ ഒരു ബെഞ്ചിൽ ഒരു വിദ്യാർഥിയുണ്ടാകില്ല . താമരശ്ശേരിയിൽ വിദ്യാർഥികളാൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ സീറ്റാണത്. ഷഹബാസിൻ്റെ രജിസ്റ്റർ നമ്പർ ആ ഡസ്കിലും ബോർഡിലും കാണാം. അവൻ തീർത്ത ശൂന്യതയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി അധ്യാപകർ കൗൺസിലിങ് ഉൾപ്പെടെ നൽകിയിട്ടുണ്ട്.
എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപിക സജ്നയുടെ കയ്യിൽ മോഡൽ പരീക്ഷയിലെ ഷഹബാസിന്‍റെ ഉത്തരകടലാസുണ്ട്. 40 ൽ 35.5 മാർക്ക്. ഈ ഉത്തരപേപ്പർ നൽകാൻ ശനിയാഴ്ച സ്കൂളിലെത്താൻ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ തലേദിവസമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്നതും പിറ്റേ ദിവസം ഷഹബാസ് മരിക്കുന്നതും.എസ് എസ് എൽ സി പരീക്ഷയ്ക്ക് ക്രമീകരിച്ച ഹാളിൽ ഷഹബാസിന്‍റെ ഹാൾടിക്കറ്റ് നമ്പറുണ്ട്. 49ാംനമ്പർ ഹാളിൽ അവസാന ബഞ്ചിലെ അവസാന നമ്പറുകാരനായി. എം ജെ സ്കൂളിൽ 10 എമ്മിലായിരുന്നു ഷഹബാസ്.ഷഹബാസ് ഇനി സ്കൂളിലേക്കെത്തില്ല എന്നത് അധ്യാപകർക്കൊക്കെ വലിയ വിഷമമുണ്ടാക്കുന്നുണ്ട്.
നെഞ്ചുലയുന്ന വേദനയില്‍ ഷഹബാസിൻറെ കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതാനെത്തും. തങ്ങളുടെ കൂട്ടത്തിലൊരാൾ ഇല്ലാതായതിന്‍റെ നൊമ്പരം അവരുടെ മനസ്സിൽ നിന്നകറ്റി നല്ല രീതിയിൽ കുട്ടികളെ പരീക്ഷയെഴുതിക്കാനുള്ള കാര്യങ്ങൾ അധ്യാപകർ ചെയ്യുന്നുണ്ട്.
0 Comments