താമരശ്ശേരി : പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥിയെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പൊലീസ് പിടിയിലാകുന്ന വിദ്യാർഥികളുടെ എണ്ണം ആറായി. ഷഹബാസിനെ മർദിച്ച സംഘത്തിൽപ്പെട്ട വിദ്യാർഥിയാണിതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ബാക്കി കാര്യങ്ങൾ ബോർഡിന്റെ തീരുമാന പ്രകാരമായിരിക്കും. ഇന്ന് എസ്എസ്എൽസി പരീക്ഷയില്ല. ജുവനൈൽ ഹോമിലേക്കു മാറ്റിയാൽ നിലവിൽ ഹോമിലുള്ള മറ്റ് 5 വിദ്യാർഥികളുടെ കൂടെ പരീക്ഷ എഴുതേണ്ടി വരും.
സംഭവത്തിൽ പിടിയിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പങ്കും ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷഹബാസിനെ നഞ്ചക്കു കൊണ്ട് അടിച്ചതും അക്രമത്തിനു നേതൃത്വം നൽകിയതും ക്രിമിനൽ പശ്ചാത്തലമുള്ള ആളുടെ മകനാണ് എന്നാണ് വിവരം. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നഞ്ചക്ക് കണ്ടെടുത്തു. ഷഹബാസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധവുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നു. നഞ്ചക്ക് ഫൊറൻസിക് സർജന്റെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കി.
0 Comments