റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ യിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ന്യൂസിലന്‍ഡ്. അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ ജയം. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രചിൻ രവീന്ദ്രയുടെ സെഞ്ചുറിയാണ് കിവീസിന് ജയം സമ്മാനിച്ചത്. അതോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ പ്രവേശിച്ചു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വില്‍ യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന്‍ വില്ല്യംസണും മടങ്ങി. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. അതോടെ കിവീസ് 15-2 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 72-ല്‍ നിൽക്കേ കോണ്‍വേ(30) പുറത്തായത് ന്യൂസിലന്‍ഡിനെ ആശങ്കയിലാക്കി. എന്നാല്‍ ടോം ലാഥവുമൊത്ത് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രചിന്‍ ബംഗ്ലാദേശ് പ്രതീക്ഷകളെ തച്ചുടച്ചു. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ രചിൻ സെഞ്ചുറി തികച്ചു. പിന്നാലെ ടീം സ്കോർ 200-കടത്തി. 105 പന്ത് നേരിട്ട് രചിന്‍ 112 റണ്‍സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്‌ലെന്‍ ഫിലിപ്‌സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സില്‍ നില്‍ക്കേ ലാഥം റണ്ണൗട്ടായി. എന്നാൽ ഫിലിപ്‌സും ബ്രേസ്‌വെല്ലും ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം സെമി ടിക്കറ്റും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. തുടക്കം കരുതലോടെയായിരുന്നു ബംഗ്ലാദേശിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ 24 റണ്‍സെടുത്ത തന്‍സിദ് ഹസന്റെ വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മെഹിദി ഹസന്‍(13), തൗഹിദ് ഹൃദോയ്(7), മുഷ്ഫിഖര്‍ റഹിം(2), മഹ്‌മുദുള്ള(4) എന്നിവര്‍ വേഗം കൂടാരം കയറി. അതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ടീമിനായി തിളങ്ങിയത്. മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും ഷാന്റോ ക്രീസില്‍ നിലയുറപ്പിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. 110 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ ജേക്കര്‍ അലി (45), റിഷാദ് ഹൊസ്സൈന്‍(26) എന്നവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് 236 റണ്‍സിന് അവസാനിച്ചു.ന്യൂസിലന്‍ഡിനായി ബ്രേസ്‌വെല്‍ നാലുവിക്കറ്റെടുത്തപ്പോള്‍ വില്ല്യം ഒറൗര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
0 Comments