അതിദരിദ്ര കുടുംബങ്ങളിൽ 75% വും അതിദാരിദ്ര്യ മുക്തമായി
സമ്പൂർണ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ചിറകിലേറി സംസ്ഥാനം കുതിക്കുമ്പോൾ കോഴിക്കോട് ജില്ലയിലും അതിനനുസൃമായ മുന്നേറ്റം.
ജില്ലയിൽ അതിദരിദ്രരായി ആകെ കണ്ടെത്തിയ 6773 കുടുംബങ്ങളിൽ 5142 കുടുംബങ്ങളെയും (75%) അതിദാരിദ്ര്യ പട്ടികയിൽ നിന്ന് മുക്തമാക്കി.
ബാക്കിയുള്ളവയിൽ 1337 കുടുംബങ്ങൾക്ക് വാസസ്ഥലവും 13 കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗവും ഒരുക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് കോർപ്പറേഷനിലെയും ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും അതിദാരിദ്ര്യ നിർമാർജ്ജനം സംബന്ധിച്ച അവലോകനം നടത്തി.
ജില്ലയിലെ അതിദാരിദ്ര്യ പട്ടികയിൽ ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം 430 ആണ്. ഇവരിൽ 230 കുടുംബങ്ങളും നഗരപ്രദേശങ്ങളിലാണ്. 285 കുടുംബങ്ങൾക്ക് വീട് മാത്രം വേണം. ഇതിൽ 163 വീടുകളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. 122 പേർ വീട് നിർമാണത്തിനുള്ള കരാർ ഒപ്പുവെക്കാനുണ്ട്.
വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 223 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 143 വീടുകളുടെ അറ്റകുറ്റപ്പണി നടക്കുന്നു. 80 കുടുംബങ്ങൾ കരാർ വെക്കാൻ ബാക്കിയുണ്ട്.
കോഴിക്കോട് കോർപ്പറേഷന്റെയും ജില്ലയിലെ മുനിസിപ്പാലിറ്റികളുടെയും പട്ടിക നോക്കിയാൽ വീടും സ്ഥലവും വേണ്ട 230 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 149 എണ്ണം കോർപ്പറേഷൻ പരിധിയിലാണ്. കൊയിലാണ്ടി-33, കൊടുവള്ളി-17, രാമനാട്ടുകര-14, വടകര-5, ഫറോക്ക്-5, മുക്കം-4, പയ്യോളി-3 എന്നിങ്ങനെയാണ് മറ്റ് മുനിസിപ്പാലിറ്റികളിലെ നില.
വീട് മാത്രം വേണ്ടവർ 84 കുടുംബങ്ങളാണ്. ഇതിൽ 23 എണ്ണം വീതം കോഴിക്കോട് കോർപ്പറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി പരിധിയിലാണ്. കൊടുവള്ളി-11, രാമനാട്ടുകര-15, വടകര-0, മുക്കം-6, പയ്യോളി-6 എന്നിങ്ങനെയാണ് മറ്റ് മുനിസിപ്പാലിറ്റികളിലെ നില.
സ്ഥലവും വീടും ഇല്ലാത്ത കോർപ്പറേഷൻ പരിധിയിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വീട്/ഫ്ലാറ്റ് നിർമിക്കാൻ കേളാട്ടുകുന്ന്, ബേപ്പൂർ എന്നിവിടങ്ങളിലെ സർക്കാർ ഭൂമി പരിശോധിക്കാൻ യോഗം തീരുമാനിച്ചു. 32 കുടുംബങ്ങൾക്ക് കല്ലുത്താൻകടവിലെ ഫ്ലാറ്റിൽ താമസം ഉറപ്പാക്കും.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽആർ) പി എം പുരുഷോത്തമൻ, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി ഡയറക്ടർ പി വി ജസീർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, കോഴിക്കോട് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments