ന്യൂഡൽഹി: അഞ്ചു വർഷത്തിലേറെ സംസ്ഥാന സർക്കാരുമായി തുറന്ന പോര് നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണർ പദവിയിൽ നിന്നും പടിയിറങ്ങുന്നത്. പകരം കേരളത്തിന്റെ രാജ് ഭവനിലേക്കെത്തുന്നത് അടിയുറച്ച ബിജെപിക്കാരനും കറകളഞ്ഞ ആർ എസ് എസുമാരനുമാണ് കേരളത്തിന്റെ പുതിയ ഗവർണർ .
വിവിധ പാർട്ടികളിൽ മാറിമാറി പ്രവർത്തിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എങ്കിൽ, നാലു പതിറ്റാണ്ടിനടുത്ത് ബിജെപിയിൽ മാത്രം പ്രവർത്തിച്ച പാരമ്പര്യം പേറുന്ന നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ബിജെപി രൂപീകരിച്ച് വർഷങ്ങൾക്കുള്ളിൽ പാർട്ടിയിലേക്കെത്തിയ ആളാണ് രാജേന്ദ്ര വിശ്വനാഥ് ആർലേകർ. താഴേ തട്ടിൽ നിന്നും പ്രവർത്തിച്ച് നേതൃനിരയിലേക്കെത്തിയ ആർലേകർ ബിജെപിയുടെയും ആർഎസ് എസിന്റെയും ദേശീയ നേതാക്കളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആർലേകർ പുലർത്തുന്നത്. ഗോവയിൽ നീണ്ട കാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാരംഭിച്ചത്. ഗോവയിൽ ബിജെപിയുടെ ജനറൽ സെക്രട്ടറി. ഗോവ ഇൻഡസ്ട്രിയൽ ഡെവല്പ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാൻ, ഗോവ എസ്.സി ആന്റ് അദർ ബാക്ക്‌വേർഡ് ക്ലാസസ് ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
2014ൽ മനോഹർ പരീക്കർ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോൾ ആർലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. ഏറ്റവും അവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പർസേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയിൽ ആർലേക്കർ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലായ് മാസത്തിലാണ് ഹിമാചൽ പ്രദേശിന്റെ ഗവർണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയിൽ ബിഹാറിന്റെ 29മാത് ഗവർണറായി നിയമിതനായി.
രാജേന്ദ്ര വിശ്വനാഥ് ആർലേകറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് രാഷ്ട്രപതി പുറപ്പെടുവിച്ചത്. ആർലേകർ ഉടൻ കേരള ഗവർണറായി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാരുമായി ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച തുറന്ന പോര് ആർലേകർ തുടരുമോ അതോ സമവായത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.
0 Comments