LATEST

6/recent/ticker-posts

BMW കാറിലെത്തി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവര്‍; മലപ്പുറം കോട്ടക്കല്‍ നഗരസഭയില്‍ വൻ ക്രമക്കേട്




മലപ്പുറം: സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പുമയി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കല്‍ നഗരസഭയില്‍ കണ്ടെത്തിയത് വൻ ക്രമക്കേട്.  സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന 42 പേരില്‍ 38 പേരും അനർഹരാണെന്ന കണ്ടെത്തലിലാണ് നടപടി. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബിഎംഡബ്‌ള്യു കാർ ഉടമകള്‍ ഉള്‍പ്പെടെ പെൻഷൻ പട്ടികയില്‍ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളില്‍ എയർ കണ്ടീഷണർ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.

കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും ധന മന്ത്രി കെ എൻ ബാലഗോപാല്‍ നിർദേശം നല്‍കി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകള്‍ക്കാണ്‌ നിർദേശം നല്‍കിയത്‌. ഇതുമായതി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികള്‍ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും ധന വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസിന്റെ അന്വേഷണം.

അതേസമയം 1,458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പില്‍ മാത്രം 370 പേർ പണം തട്ടിയെന്നും കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ തട്ടിപ്പ് നടത്തി. കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർമാരും തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം

Post a Comment

0 Comments