റാഞ്ചി: ജാർഖണ്ഡിൽ ഇൻഡ്യാ സഖ്യത്തിനായി മത്സരിക്കുന്നത് നാല് പാർട്ടികളാണ്. ഇവയിൽ പല പാർട്ടികൾക്കും അവരുടെ ശക്തി അനുസരിച്ചാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാർട്ടിയായ ജെഎംഎമ്മിന് 43, കോൺഗ്രസിന് 29. ആർജെഡിക്ക് അഞ്ച്, സിപിഐഎംഎല്ലിന് നാല് എന്നിങ്ങനെയായിരുന്ന് സീറ്റ് വിഭജനം.
നൽകിയ സീറ്റുകളിലെല്ലാം മെച്ചപ്പെട്ട പ്രകടനം തന്നെയാണ് പാർട്ടികൾ കാണിക്കുന്നതെന്ന് തെളിയിക്കുന്ന കണക്കുകളാണ് നിലവിൽ പുറത്തുവരുന്നത്.
ജെഎംഎം ലഭിച്ച 43 സീറ്റുകളിൽ 29ലും ലീഡ് നിലനിർത്തുന്നുണ്ട്. 29ൽ 13 സീറ്റുകളിലും ലീഡുയർത്തി കോൺഗ്രസും ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാണിക്കുന്നത്. ആർജെഡിയാകട്ടെ ലഭിച്ച അഞ്ച് സീറ്റുകളിലും മുന്നിലാണ്. സിപിഐ എംഎല്ലിന് മാത്രമാണ് നാലിൽ ഒരു സീറ്റിൽ മാത്രം ലീഡിൽ നിൽക്കുന്ന അവസ്ഥയുള്ളത്. 41 സീറ്റുകളാണ് മന്ത്രിസഭ രൂപീകരിക്കാൻ വേണ്ടതെന്നിരിക്കെ 47 സീറ്റുകളിൽ രണ്ട് മണിക്കൂറിന് മുകളിൽ ലീഡ് നിലനിർത്താനായതിന്റെ വിജയപ്രതീക്ഷയിലാണ് ഇൻഡ്യാ മുന്നണി.29നും 30നും ഇടയിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ് എൻഡിഎയുടെ ലീഡ്. സംസ്ഥാനത്ത് ഭരണത്തുടർച്ച തുടരാനുള്ള സാധ്യത കാണിക്കുന്നതാണ് നിലവിലെ ലീഡ് നില.
എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാൽ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ സഖ്യം.ജാർഖണ്ഡിൽ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.
0 Comments