വിലങ്ങാട് :
ഉരുൾ പൊട്ടലിൽ കഷ്ടതയനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് മേപ്പയ്യൂർ സലഫി സ്ഥാപനങ്ങളുടെ കീഴിൽ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതികൾളെക്കുറിച്ചാലോചിക്കാൻ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സലഫിയ്യ അസോസിയേഷൻ പ്രസിഡൻ്റുമായ ഡോ.ഹുസൈൻ മടവൂരും സംഘവും വിലങ്ങാട് സന്ദർശിച്ചു. സലഫിയ്യ അസോസിയേഷൻ്റെ തീരുമാനപ്രകാരമായിരുന്നു മതസൗഹാർദ്ദ പ്രചാരകൻ കൂടിയായ ഡോ ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിലുള്ള ഈ സൗഹൃദ സന്ദർശനം.
താമരശ്ശേരി രൂപതാ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ നിർദ്ദേശപ്രകാരം വിലങ്ങാട് സെൻ്റ് ജോർജ് ഫൊറോനാ ചർച്ചുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക.
രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകും, അസോസിയേഷൻ്റെ കീഴിലുള്ള ഹയർ സെക്കണ്ടറി സ്കൂൾ, എ വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് ആൻ്റ് സയിൻസ് കോളെജ്, കോളെജ് ഓഫ് ടീച്ചർ എജുക്കേഷൻ, ഐ.ടി. ഐ, അറബിക്കോളെജ്, ടി.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ വർഷം ഒഴിവുള്ള സീറ്റുകളിലേക്ക് വിലങ്ങാട്ടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാനേജ്മെൻറ് സീറ്റിൽ പ്രവേശനം നൽകും. ക്ലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ ഏർപ്പെടുത്തും , അവർക്ക് പാഠ പുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കും. പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിലങ്ങാട് സെൻ്റ് ജോർജ്ജ് ഫൊറോന ചർച്ചിൻ്റെ ചുമതലവഹിക്കുന്ന ഫാദർ വിൽസൻ മുട്ടത്ത് കുന്നേലുമായി സംഘം ചർച്ച നടത്തി. വാണിമേൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ , സലഫിയ്യ അസോസിയേഷൻ സെക്രട്ടരി എ.വി. അബ്ദുല്ല, വൈസ് പ്രസിഡൻ്റ് പി.കെ അബ്ദുല്ല, മറ്റു ഭാരവികൾ, സലഫി വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, അദ്ധ്യാപകർ, എൻ. എസ്. എസ്.
കോഓഡിനേറ്റർമാർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. സലഫിയ്യ അസോസിയേഷൻ്റെ സഹായ വാഗ്ദാനത്തിന്നും സൗഹൃദ സന്ദർശനത്തിന്നും ചർച്ച് വികാരി ഫാദർ വിൽസൻ നന്ദി രേഖപ്പെടുത്തി. വിലങ്ങാട് ദുരന്തബാധിതരെ പുരധിവസിപ്പിക്കുവാനും സഹായിക്കുവാനും സർക്കാർ അടിയന്തിര നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെടുന്നതായി ഡോ. ഹുസൈൻ മടവൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
0 Comments