LATEST

6/recent/ticker-posts

ഐഎസ്എല്ലിന് സെപ്റ്റംബർ 13ന് കിക്കോഫ്; മത്സരക്രമം പുറത്ത്




ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ 11-ാം പതിപ്പിന് സെപ്റ്റംബർ 13ന് കിക്കോഫാകും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബ​ഗാൻ‌ സൂപ്പർ ജയന്റ്സും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മൈക്കൽ സ്‌റ്റാറേ എന്ന പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ പന്ത് തട്ടാനൊരുങ്ങുന്നത്. മൂന്ന് തവണ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സിന് ഇത്തവണ കപ്പുയർത്തുകയാണ് ലക്ഷ്യം. ഡിസംബർ 30 വരെയാണ് ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ നടക്കുന്നത്. രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക ജനുവരിൽ നടക്കുന്ന സൂപ്പർ കപ്പിന് പിന്നാലെ പ്രഖ്യാപിക്കും.
ഐ ലീ​ഗിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻസ് കൂടി എത്തുന്നതോടെ ഇത്തവണത്തെ ഐഎസ്എല്ലിന് 13 ക്ലബുകളാണ് മത്സരിക്കുന്നത്. പശ്ചിമ ബം​ഗാളിൽ നിന്ന് മാത്രമായി മൂന്ന് ക്ലബുകൾ ലീ​ഗിന്റെ ഭാ​ഗമാകും. മുഹമ്മദൻസിനെ കൂടാതെ നിലവിലത്തെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ, ഈസ്റ്റ് ബം​ഗാൾ എന്നീ ക്ലബുകളാണ് ബം​ഗാളിൽ നിന്നും ഐഎസ്എല്ലിന്റെ ഭാ​ഗമായിരിക്കുന്നത്.

Post a Comment

0 Comments