LATEST

6/recent/ticker-posts

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു; 15 മൃതദേഹങ്ങള്‍ കണ്ടെത്തി, മണ്ണിനടിയില്‍ നിരവധി പേര്‍






കല്‍പറ്റ:മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ കുട്ടികളുമുണ്ട്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങള്‍ക്കു പുറമെ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ മണ്ണിനടിയിലാണ്.

ഉരുള്‍പൊട്ടലില്‍ 40 പേര്‍ മേപ്പാടിയിലെ വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്. വയനാട്ടിലെ ഹാരിസണ്‍സ് എസ്റ്റേറ്റില്‍ എട്ട് തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള ഏക പാലം ഒലിച്ചുപോയി. 400 കുടുംബങ്ങള്‍ എസ്റ്റേറ്റിലുണ്ടെന്നാണു വിവരം.

മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചൂരല്‍മല പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇങ്ങോട്ടു പുറത്തുനിന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത സ്ഥിതിയാണ്. മുണ്ടക്കൈയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ടി. സിദ്ദിഖ് എം.എല്‍.എ അറിയിച്ചത്. മേഖലയില്‍ രണ്ട് വാര്‍ഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങളുണ്ട്. ചില വിദേശ വിനോദ സഞ്ചാരികളും അപകടത്തില്‍ പെട്ടതായി സൂചനയുണ്ടെന്നും എത്രയും വേഗം എയര്‍ ലിഫ്റ്റിങ്ങിനുള്ള സൗകര്യമൊരുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു

Post a Comment

0 Comments