ന്യൂഡൽഹി: ഡൽഹിയെ വീണ്ടും സമരഭൂമിയാക്കാൻ യുവാക്കൾ. ഈ മാസം പത്തിന് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് കൊക്‌റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി പ്രതിഷേധം നടത്തും. രാജി അംഗീകരിക്കും വരെ സമരമുണ്ടാകും. ഡൽഹിയിൽ ഇൻഡ്യാ സഖ്യവും പ്രതിപക്ഷപ്പാർട്ടികളും തുടരുന്ന സമരത്തിന് പിന്നാലെയാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ കൂടി എത്തുന്നത്. കൊക്‌റോച്ച് ജനതാ പാർട്ടിക്ക് പുറമെ ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് സംയുക്തമായി സമരം നടത്തുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ്
തയാറെടുക്കുന്നതെന്നും പ്രവർത്തകരോട് ഡൽഹിയിലെത്താൻ അഭ്യർഥിച്ചതായും സൗരവ് ദാസ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജിക്ക് ശേഷവും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സൗരവ് ദാസ് പറഞ്ഞു. ഈ പോരാട്ടം എളുപ്പമാകില്ല. രാജ്യത്തുടനീളമുള്ള എല്ലാവരോടും തങ്ങളോടൊപ്പം ചേരാനും ട്രെയിൻ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും അഭ്യർഥിക്കുന്നുവെന്ന് സൗരവ്ദാസ് പറഞ്ഞു.
സി.ജെ.പി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലിസ്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ജന്തര്‍മന്തറില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. പ്രതിഷേധം സംബന്ധിച്ച് അറിയിപ്പ് നല്‍കാനായി സി.ജെ.പി വക്താവ് സൗരവ് ദാസ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലെത്തി കത്ത് കൈമാറിയതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചത്. ഭാവിയില്‍ തര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രതിഷേധത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയതെന്നും എന്നാല്‍ അവര്‍ അനുമതി നിരസിക്കുകയാണ് ചെയ്തതെന്നും ദാസ് പറഞ്ഞു. നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ സര്‍ക്കാരില്‍നിന്ന് തന്നെ അനുമതി വാങ്ങണമെന്നത് ബ്രിട്ടിഷ് കാലത്ത് രൂപപ്പെട്ട ആശയമാണെന്നും പ്രതിഷേധത്തിന് അനുമതി എന്ന ആശയം തന്നെ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിക്കാൻ ഡല്‍ഹി പൊലിസ് ആരാണ്?- ദാസ് ചോദിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പിയും വിവിധ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാര്‍ രാജിവച്ചാലും പ്രക്ഷോഭത്തില്‍നിന്ന് പിന്മാറില്ലെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ദാസ് പറഞ്ഞു.



0 Comments