കൊടുവള്ളി: പി.കെ. ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘കമോൺ കൊടുവള്ളി’ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്കായി സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. മണ്ഡലത്തിലെ വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനും സ്കോളർഷിപ്പ് നേടുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കോഴിക്കോട് ഡയറ്റ് തയ്യാറാക്കിയ പാഠ്യപദ്ധതി കൊടുവള്ളി ബി.ആർ.സിയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. എൻ.എം.എം.എസ് പരീക്ഷയിലെ പ്രധാന വിഭാഗങ്ങളായ മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിവയ്ക്ക് പ്രത്യേകം തയ്യാറാക്കിയ സിലബസും പരിശീലന സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശീലകരെ നിയമിക്കുകയും ചെയ്യും.
കൊടുവള്ളി നിയോജകമണ്ഡലത്തിൽ മൂന്ന് പരിശീലന കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത്. വിദ്യാർഥികളുടെ സൗകര്യാർഥം ഓൺലൈൻ, ഓഫ്ലൈൻ രീതികളിൽ പരിശീലനം ലഭ്യമാക്കും. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് സ്കൂൾ കോർഡിനേറ്റർമാർ മുഖേന പരിശീലനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകും. മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 25-ന് മടവൂർ പാലസിൽ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജി ജനീഷ് നിർവ്വഹിക്കും കൊടുവള്ളി നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന താൽപര്യമുള്ള വിദ്യാർഥികൾ എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ് വിവരങ്ങൾ comeonkoduvally@gmail.com എന്ന ഇമെയിലിൽ ആയ്ക്കാവുന്നതാണ് എം. എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചു.



0 Comments