തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിക്കാൻ സാധ്യത. അടുത്ത അഞ്ചുവർഷത്തേക്കുള്ള വൈദ്യുതി താരിഫ് നിർണയിക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് വിജ്ഞാപനം. എന്നാൽ, അന്തിമ നിരക്ക് സംബന്ധിച്ച തീരുമാനം പൊതുഹിയറിങ്ങിനും തുടർനടപടികൾക്കും ശേഷമായിരിക്കും. കെഎസ്ഇബിയുടെ മുൻകാല നഷ്ടങ്ങളും ബാധ്യതകളും നിരക്ക് നിർണയത്തിൽ പരിഗണിക്കേണ്ടിവരും.
നിലവിൽ ഏകദേശം 5,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്. ഈ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നാലുവർഷം കൊണ്ട് ബാധ്യത തീർപ്പാക്കാനുള്ള നിർദേശവും കമ്മീഷന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുതി നിരക്കിലും സർചാർജിലും വർധനയുണ്ടായേക്കാം. നിലവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ധന സർചാർജാണ് ഈടാക്കുന്നത്. എന്നാൽ, ഹ്രസ്വകാല കരാറുകൾ ഉൾപ്പെടെയുള്ള വൈദ്യുതി വാങ്ങലുകൾക്കും സർചാർജ് ഏർപ്പെടുത്താനുള്ള നിർദേശം പുതിയ വിജ്ഞാപനത്തിലുണ്ട്. വ്യാവസായിക ഉപഭോക്താക്കളുടെ ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സർചാർജ് ഈടാക്കാനുള്ള നിർദേശം. മറ്റു വിഭാഗങ്ങളിൽ ഫിക്സഡ് ചാർജും വൈദ്യുതി നിരക്കിന്റെ നിശ്ചിത ശതമാനവും കണക്കിലെടുത്ത് സർചാർജ് ചുമത്താനാണ് നിർദേശം. രാത്രികാല വൈദ്യുതി നിരക്കും കൂടിയേക്കും.കൂടുതൽ ടൈം ഓഫ് ദി ഡേ മീറ്ററുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. ഇതനുസരിച്ച് വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും. വൈകിട്ട് ആറുമുതൽ രാത്രി 11.30 വരെയുള്ള സമയത്തെ പീക്ക് സമയമായി കണക്കാക്കാനാണ് നിർദേശം. ഈ സമയത്ത് വൈദ്യുതി നിരക്ക് ഉയരാൻ സാധ്യതയുണ്ട്.



0 Comments